വാട്ട്സാപ്പിലെ സ്വകാര്യത വീഴ്ച പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

  • ഉറങ്ങുമ്പോഴും മൈക്രോഫോണ്‍ ആക്സസ് ചെയ്തെന്ന് ട്വിറ്റർ എന്‍ജിനീയര്‍
  • പ്രശ്നം ആന്‍ഡ്രോയിഡിലെ ബഗ് ആണെന്ന് വാട്ട്സാപ്പ്
  • സ്പാം കോളുകള്‍ വര്‍ധിക്കുന്നുവെന്നും പരാതി

Update: 2023-05-10 09:11 GMT

ഫോൺ ഉപയോഗത്തിലില്ലാത്ത സമയത്ത് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ മൈക്രോഫോണിലേക്ക് വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്‌തുവെന്ന ആരോപണം സർക്കാർ അന്വേഷിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ തയ്യാറാക്കുന്നതിന്‍റെ ഭാഗമായും സമൂഹമാധ്യമങ്ങളിലെ സ്വകാര്യതാ ലംഘനം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു.

"ഞാൻ ഉറങ്ങുമ്പോഴും രാവിലെ 6 മണിക്ക് എഴുന്നേല്‍ക്കുന്നതു മുതലും ഫോണിന്‍റെ ബാക്ക്ഗ്രൗണ്ടില്‍ വാട്ട്‌സ്ആപ്പ് മൈക്രോഫോൺ ഉപയോഗിക്കുന്നു," ട്വിറ്ററിലെ എഞ്ചിനീയറിംഗ് ഡയറക്ടർ ഫോഡ് ഡാബിരി ഇത്തരത്തില്‍ നടത്തിയ ട്വീറ്റാണ് മെസേജിംഗ് ആപ്പിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളിലേക്ക് നയിച്ചത്. ഇത് അസ്വീകാര്യമായ കാര്യമാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും ഡാബിരിയുടെ ട്വീറ്റിന് മറുപടിയായി ചന്ദ്രശേഖർ പറഞ്ഞു.

ഡാബിരിയുടെ ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് വാട്ട്സ്ആപ്പ് ഔദ്യോഗികമായി തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡാബിരിയുമായി ഇതു സംബന്ധിച്ച് സംഭാഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. പിക്‌സൽ ഫോണിലെ വാട്ട്‌സ്ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ഡാബിരിയുടെ പരാതിയെന്നും ഇത് ആൻഡ്രോയിഡിലെ ഒരു ബഗ് ആണെന്ന് വിശ്വസിക്കുന്നുവെന്നും വാട്ട്സാപ്പ് വിശദീകരിക്കുന്നു. ഇത് അന്വേഷിക്കാനും പരിഹരിക്കാനും ഗൂഗിളിനോട് ആവശ്യപ്പെട്ടതായും ഔദ്യോഗിക ട്വീറ്റിൽ കമ്പനി വ്യക്തമാക്കി.

ഉപയോക്താക്കൾക്ക് അവരുടെ മൈക്ക് ക്രമീകരണങ്ങളിൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്ന് വാട്ട്സ്ആപ്പ് പറയുന്നു. "അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഒരു ഉപയോക്താവ് ഒരു കോൾ ചെയ്യുമ്പോഴോ വോയ്‌സ് നോട്ടോ വീഡിയോയോ റെക്കോർഡ് ചെയ്യുമ്പോഴോ മാത്രമേ വാട്ട്‌സ്ആപ്പ് മൈക്ക് ആക്‌സസ് ചെയ്യൂ. ഇതിനും പുറമേ, ഈ ആശയവിനിമയങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ വഴി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു, അതിനാൽ വാട്ട്‌സ്ആപ്പിലെ ആര്‍ക്കും അവ കേൾക്കാൻ കഴിയില്ല," കമ്പനി വിശദീകരിക്കുന്നു.

ഡാബിരി തന്റെ ഫോണിന്റെ സ്‌ക്രീൻഷോട്ടുകൾ ഉള്‍പ്പടെ നല്‍കിയാണ് ആരോപണം ഉന്നയിച്ചത്. ഹാൻഡ്‌സെറ്റിന്റെ മൈക്രോഫോൺ വിവിധ സമയങ്ങളിൽ വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ഈ സ്ക്രീന്‍ഷോട്ടുകളില്‍ ഉണ്ടായിരുന്നു. ട്വിറ്റര്‍ ഉടമ എലോൺ മസ്‌ക്കും ഉൾപ്പെടെ നിരവധി പേര്‍ ഇതിനു പിന്നാലെ വാട്ട്സാപ്പിനെതിരേ രംഗത്തെത്തിയിയ്യുണ്ട്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പായ വാട്ട്സാപ്പ് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും നിരീക്ഷണത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, രണ്ട് മണിക്കൂർ സേവന തടസ്സമുണ്ടായി, ഇതിന്റെ കാരണങ്ങൾ പങ്കിടാൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്സാപ്പിലൂടെയുള്ള ഇൻകമിംഗ് അന്താരാഷ്ട്ര സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും വരവ് കൂടിയതായി ഇന്ത്യയിലെ നിരവധി ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളാണ് ഇത്തരം സ്പാം കോളുകളില്‍ കാണുന്നതെന്ന് നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ വിശദീകരിച്ചു.

സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 487 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ട്, ഇത് വാട്ട്സാപ്പിന്‍റെ ആഗോളതലത്തില്‍ ഏറ്റവും വലിയ വിപണിയാക്കി ഇന്ത്യയെ മാറ്റുന്നു.

Tags:    

Similar News