തുടക്ക വ്യാപാരത്തില്‍ മുകളിലേക്ക് കയറി സെന്‍സെക്സും നിഫ്റ്റിയും
- യുഎസ് ബോണ്ട് യീൽഡുകൾ കുറയുന്നത് വിപണിക്ക് അനുകൂലം
- റിലയന്‍സിലും എച്ച്‍ഡിഎഫ്‍സി ബാങ്കിലും ശക്തമായ വാങ്ങല്‍
രണ്ട് ദിവസത്തെ തകർച്ചയ്ക്ക് ശേഷം ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ മുന്നേറി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിലെ ശക്തമായ വാങ്ങലും ആഗോള വിപണികളിലെ ബുള്ളിഷ് പ്രവണതയും വിപണികളെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
സെൻസെക്‌സ് 268.31 പോയിന്റ് ഉയർന്ന് 65,923.46 ലെത്തി. നിഫ്റ്റി 85.1 പോയിന്റ് ഉയർന്ന് 19,779.10 ലെത്തി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്.
"ആഗോള സൂചനകൾ പൊസിറ്റിവ് ആണ്. യുഎസ് ബോണ്ട് യീൽഡുകൾ കുറയുന്നത് (10 വർഷത്തെ വരുമാനം 4.41 ശതമാനമാണ്) വിപണി റാലിക്ക് ആവശ്യമായ വലിയ ആഗോള പശ്ചാത്തലം നൽകും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.44 ശതമാനം ഇടിഞ്ഞ് ബാരലിന് 81.96 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 645.72 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്‌ഇ ബെഞ്ച്മാർക്ക് 139.58 പോയിന്റ് അല്ലെങ്കിൽ 0.21 ശതമാനം ഇടിഞ്ഞ് 65,655.15 ൽ എത്തി. നിഫ്റ്റി 37.80 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 19,694 ൽ എത്തി.