ദലാൽ സ്ട്രീറ്റിൽ കാളക്കൂറ്റനിറങ്ങി; സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിൽ
നഷ്ടങ്ങൾക്ക് വിരാമമിട്ട് ഓഹരി വിപണി
തുടർച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം തിരിച്ചു വരവ് നടത്തി ആഭ്യന്തര വിപണി. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞതും ആഗോള വിപണികളിലെ തിരിച്ചുവരവുമാണ് വിപണിക്ക് അനുകൂലമായത്.
സെൻസെക്സ് 169.62 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 76,499.63 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 90.10 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 23,176.05 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സ് ഓഹരികൾ
എൻടിപിസി, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, സൊമാറ്റോ, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, അൾട്രാടെക് സിമൻറ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചിക
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചികയാണ് മികച്ച നേട്ടം നൽകിയത്. 4.48 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ സൂചിക നാല് ശതമാനവും പിഎസ്ഇ സൂചിക മൂന്നര ശതമാനവും നേട്ടം നൽകി. നിഫ്റ്റി എനർജി മെറ്റൽ സൂചികകൾ മൂന്നു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഓട്ടോ സൂചിക രണ്ടു ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് സൂചിക 1.7 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2 ശതമാനവും സ്മോൾക്യാപ് സൂചിക 1.7 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് സൂചിക 3.3 ശതമാനം താഴ്ന്ന് 15.47 എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോ നഷ്ടത്തി അവസാനിച്ചു. യൂറോപ്പിലെ വിപണികൾ പച്ചപ്പിലായിരുന്നു വ്യാപാരം. തിങ്കളാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായാണ് അവസാനിച്ചത്.
ബ്രെന്റ് ക്രൂഡ് 0.12 ശതമാനം ഉയർന്ന് ബാരലിന് 81.11 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിൽ നിന്ന് 8 പൈസ ഉയർന്ന് 86.62 ൽ എത്തി.