50 കോടിയുടെ ഇഷ്യൂവുമായി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ്
- ഇഷ്യൂ സെപ്റ്റംബർ 26-ന് അവസാനിക്കും
- ഓഹരിയൊന്നിന് 200 രൂപ
- ഒക്ടോബർ അഞ്ചിന് ലിസ്റ്റ് ചെയ്യും.
സുസ്ഥിര മാലിന്യ സംസ്കരണ പരിഹാരങ്ങള് വാഗ്ദാനം ചെയ്യുന്ന ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് പബ്ളിക് ഇഷ്യു വഴി 50 കോടി രൂപ സമാഹരിക്കും. കമ്പനി 25 ലക്ഷം ഓഹരികളാണ് നല്‍കുക. ഇഷ്യൂ സെപ്റ്റംബർ 21-ന് ആരംഭിച്ച് 26-ന് അവസാനിക്കും. ഓഹരികൾ ഒക്ടോബർ 5 ബിഎസ്ഇ എസ്എംഇ ൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 200 രൂപയാണ് ഇഷ്യൂ വില. ഏറ്റവും കുറഞ്ഞ ലോട്ട് 600 ഓഹരികളാണ്.
കടം തിരിച്ചടവിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഇഷ്യൂ തുക ഉപയോഗിക്കും.
2008-ൽ സ്ഥാപിതമായ ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ്, സുസ്ഥിര മാലിന്യ സംസ്കരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന എഞ്ചിനീയറിംഗ് കമ്പനിയാണ്.
ബിൽഡ് ഓൺ ഓപ്പറേറ്റ് ട്രാൻസ്ഫർ (ബൂട്ട്) മോഡൽ, എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കമ്മീഷനിംഗ് മോഡൽ, പ്രധാന ഉപകരണങ്ങളുടെ വിതരണം എന്നിവ ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റത്തിന്റെ ബിസിനസുകളില്‍ ഉൾപ്പെടുന്നു. മാലിന്യ സംസ്‌കരണം, മാലിന്യ സംസ്കരണ പദ്ധതി കമ്മീഷനിംഗ്, കൺസൾട്ടിംഗ്, മറ്റ് ഉപദേശക സേവനങ്ങൾ, ലബോറട്ടറി സേവനങ്ങൾ, ആസൂത്രണം, നിർമ്മാണം, മാനേജിംഗ് ഇപിസി (എൻജിനീയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) തുടങ്ങിയ സേവനങ്ങൾ കമ്പനി ലഭ്യമാക്കുന്നു.
മുനിസിപ്പൽ ഖരമാലിന്യം (എംഎസ്ഡബ്ല്യു) വൈദ്യുതിയും കമ്പോസ്റ്റും ആക്കി മാറ്റുന്നതിനായി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് മഹാരാഷ്ട്രയിലെ സോലാപൂരിൽ ഒരു എംസ്ഡബ്ള്യു പ്രോസസ്സിംഗ് ആൻഡ് ഡിസ്പോസൽ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
ഒആർഎസ് പേറ്റന്റ് നേടിയ ഡ്രൈ അനറോബിക് ഡൈജഷൻ (ഡ്രയാഡ്) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് പലതരം മാലിന്യങ്ങൾ സംസ്കരിക്കാൻ പ്രാപ്തമാണ്, സോളാപൂർ പ്ലാന്റിലെ ഉപയോഗത്തിലൂടെയും ഈ സാങ്കേതിക വിദ്യയുടെ മികവ് തെളിയിച്ചിട്ടുണ്ട്.
അരിഹന്ത് കപിറ്റലാണ് ലീഡ് മാനേജർ. മാഷിറ്റ്‌ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.