വ്യാപാര സംഘർഷങ്ങൾ രൂക്ഷമായി, ആഗോള വിപണികളിൽ ആശങ്ക, ഇന്ത്യൻ സൂചികകൾ താഴ്ന്നേക്കും
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു.
- ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു.
- യുഎസ് ഓഹരി വിപണി താഴ്ന്ന് ക്ലോസ് ചെയ്തു.
;
ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകളെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു.യുഎസ് ഓഹരി വിപണി താഴ്ന്ന് ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 22,127 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 64 പോയിന്റ് കുറഞ്ഞു. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ആഗോള വ്യാപാര സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വാൾസ്ട്രീറ്റിൽ നഷ്ടം പിന്തുടർന്ന് ഏഷ്യൻ വിപണികൾ ബുധനാഴ്ച സമ്മിശ്രമായി വ്യാപാരം നടത്തുന്നു.ജപ്പാന്റെ നിക്കി 0.16% കുറഞ്ഞപ്പോൾ ടോപ്പിക്സ് 0.15% കുറഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.09% ഉയർന്നപ്പോൾ കോസ്ഡാക്ക് 1.26% മുന്നേറി. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഉയർന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ചൊവ്വാഴ്ച യുഎസ് ഓഹരി വിപണി താഴ്ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 670.25 പോയിന്റ് അഥവാ 1.55% ഇടിഞ്ഞ് 42,520.99 ലെത്തി, എസ് ആൻറ് പി 500 71.57 പോയിന്റ് അഥവാ 1.22% ഇടിഞ്ഞ് 5,778.15 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 65.03 പോയിന്റ് അഥവാ 0.35% ഇടിഞ്ഞ് 18,285.16 ൽ ക്ലോസ് ചെയ്തു.
ടെസ്ല ഓഹരി വില 4.43% ഇടിഞ്ഞു. സിറ്റിഗ്രൂപ്പ് ഓഹരി വില 6.2% താഴ്ന്നു. ജെപി മോർഗൻ ചേസ് ആൻഡ് കോ ഓഹരികൾ ഏകദേശം 4% താഴ്ന്നു. ഫോർഡ് ഓഹരി വില 2.9% ഇടിഞ്ഞപ്പോൾ, ജനറൽ മോട്ടോഴ്‌സ് ഓഹരികൾ 4.6% ഇടിഞ്ഞു.
ഇന്ത്യൻ വിപണി
നിഫ്റ്റി തുടർച്ചയായ പത്താം ദിവസവും, സെൻസെക്സ് തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 452.4 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,633.54 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി -36.65 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 22,082.65 ലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൊമാറ്റോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസെർവ്, എച്ച്‌സിഎൽ ടെക്നോളജീസ്, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, സൺ ഫാർമസ്യൂട്ടിക്കൽസ്, ഇൻഫോസിസ്, മാരുതി സുസുക്കി ഇന്ത്യ, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 2.39% നേട്ടമുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 1.55% നേട്ടത്തോടെ സ്ഥിരത കൈവരിച്ചു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് എന്നിവ 0.34% - 0.62% വരെ ഉയർന്നു. അതേസമയം നിഫ്റ്റി ഓട്ടോ സൂചിക 1.38% ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.93% വും നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി ഫാർമ, നിഫ്റ്റി റിയാലിറ്റി തുടങ്ങിയ സൂചികകൾ 0.11% - 0.61 ശതമാനം വരെയും ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,104, 22,138, 22,191
പിന്തുണ: 21,997, 21,964, 21,910
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,354, 48,460, 48,632
പിന്തുണ: 48,010, 47,903, 47,732
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മാർച്ച് 4 ന് 0.86 ആയി ഉയർന്നു, കഴിഞ്ഞ സെഷനിൽ ഇത് 0.81 ആയിരുന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഭയ ഘടകമായ ഇന്ത്യ വിക്സ്, 0.49 ശതമാനം വർദ്ധിച്ച് 13.83 സോണിലേക്ക് എത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
ചൊവ്വാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 3,406 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 4,851 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
അമേരിക്കൻ കറൻസി സൂചിക ദുർബലമായതും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും കാരണം ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 87.19 ൽ എത്തി.
സ്വർണ്ണ വില
ബുധനാഴ്ച സ്വർണ്ണ വില കുറഞ്ഞു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1% ഇടിഞ്ഞ് 2,916.09 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2% ഉയർന്ന് 2,926.10 ഡോളറിലെത്തി.
എണ്ണ വില
ആഗോള വിപണികളിലെ അനിശ്ചിതത്വത്തെത്തുടർന്ന് അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.15% ഇടിഞ്ഞ് 70.93 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.66% ഇടിഞ്ഞ് 67.81 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
കോഫോർജ്
ഉൽപ്പന്ന വിതരണം ത്വരിതപ്പെടുത്തുന്നതിന് ട്രാവൽ ടെക്നോളജി കമ്പനിയായ സാബർ കോർപ്പറേഷനുമായി കമ്പനി ഒരു പുതിയ കരാറിൽ ഒപ്പുവച്ചു.
അദാനി വിൽമർ
'ടോപ്സ്' ബ്രാൻഡിന്റെ ഉടമയായ ജിഡി ഫുഡ്സ് മാനുഫാക്ചറിംഗ് (ഇന്ത്യ) ഏറ്റെടുക്കുന്നതിനുള്ള ഒരു കരാറിൽ കമ്പനി ഒപ്പുവച്ചു. ഏറ്റെടുക്കൽ ഒന്നിലധികം ഘട്ടങ്ങളിലായി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 80% ഓഹരികളും ഏറ്റെടുക്കും, ബാക്കി 20% അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏറ്റെടുക്കും.
ജിഇ വെർനോവ ടി ആൻഡ് ഡി ഇന്ത്യ
ബൾക്ക് പ്രൊക്യുർമെന്റിന് കീഴിലുള്ള ട്രാൻസ്ഫോർമറുകളുടെയും റിയാക്ടറുകളുടെയും വിതരണത്തിനും ഇൻസ്റ്റാളേഷനുമായി പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 500 കോടി രൂപയുടെ മൂന്ന് ഓർഡറുകൾ കമ്പനിക്ക് ലഭിച്ചു.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (BOOT) അടിസ്ഥാനത്തിൽ ഒരു അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള മൂന്ന് പദ്ധതികളുടെ കരാർ ലഭിച്ചു.
ഗ്രാസിം ഇൻഡസ്ട്രീസ്
മഹാരാഷ്ട്രയിലെ മഹാദിലുള്ള പ്ലാന്റിൽ കമ്പനി ബിർള ഓപസ് പെയിന്റ്സിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു. ഇതോടെ, ആകെയുള്ള 6 ഗ്രീൻഫീൽഡ് പ്ലാന്റുകളിൽ 5 എണ്ണം വാണിജ്യ ഉത്പാദനം നടത്തുന്നു. ഇതോടെ ബിർള ഓപസ് ബ്രാൻഡിന് കീഴിൽ വിൽക്കുന്ന പെയിന്റുകളുടെ സ്ഥാപിത ശേഷി പ്രതിവർഷം 1,096 ദശലക്ഷം ലിറ്ററിലെത്തി.
അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ്
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടിയസ് വൺ പ്രോട്ടോൺ സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 250 കോടി രൂപ ചെലവിൽ ഒരു സമഗ്ര ഓങ്കോളജി സെന്റർ കമ്മീഷൻ ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു.
സെന്റ്-ഗോബെയ്ൻ സെകുരിറ്റ് ഇന്ത്യ
കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്ത് നിന്ന് ജയേന്ദ്രൻ ജയശീലൻ രാജിവച്ചു. 2025 മാർച്ച് 25 മുതൽ അദ്ദേഹം കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കും.
മൈൻഡ്‌ടെക് ഇന്ത്യ
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആനന്ദ് ബാലകൃഷ്ണൻ രാജിവച്ചു.
അംബുജ സിമന്റ്‌സ്
ഓറിയന്റ് സിമന്റിലെ 72.8% ഓഹരികൾ അംബുജ സിമന്റ്‌സ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിരുപാധികം അംഗീകാരം നൽകി.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഒഎൻജിസി ഗ്രീൻ, പിടിസി എനർജിയിൽ 100% ഓഹരികൾ 925 കോടി രൂപയ്ക്ക് ഏറ്റെടുത്തു. പുനരുപയോഗ ഊർജ്ജ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന പിടിസി എനർജിക്ക് 288.80 മെഗാവാട്ട് പ്രവർത്തനക്ഷമമായ കാറ്റാടി ഉൽപാദന ശേഷിയുണ്ട്. പിടിസി എനർജി അതിന്റെ എല്ലാ കാറ്റാടിപ്പാടങ്ങളിലുമായി 157 കാറ്റാടി ജനറേറ്ററുകൾ (ഡബ്ല്യുടിജികൾ) പ്രവർത്തിപ്പിക്കുന്നു.
റെയിൽ വികാസ് നിഗം
എച്ച്‌പിഎസ്‌ഇബിഎല്ലിൽ നിന്ന് 729.82 കോടി രൂപയുടെ പദ്ധതിക്ക് കമ്പനിക്ക് സ്വീകാര്യതാപത്രം ലഭിച്ചു.
ഫോഴ്‌സ് മോട്ടോഴ്‌സ്
ഫെബ്രുവരിയിൽ കമ്പനിയുടെ മൊത്തം വിൽപ്പന 3,600 യൂണിറ്റായി ഉയർന്നു. 2024 ഫെബ്രുവരിയിൽ വിറ്റ 2,461 യൂണിറ്റുകളെ അപേക്ഷിച്ച് 46.28% വളർച്ച.