ഐ പി ഓ വലുപ്പം 1200 കോടി വെട്ടിക്കുറച്ച് മൊബിക്വിക്ക്
- 2021 ൽ കമ്പനി 1,900 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് പത്രിക സമർപ്പിച്ചിരുന്നു.
- പുതിയ ഓഹരികൾ മാത്രം നൽകുന്ന ഇഷ്യൂവിനാണ് കമ്പനി തയ്യാറെടുക്കുന്നത്
- പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 140 കോടി രൂപ കമ്പനി സ്വരൂപിക്കും
ഇഷ്യൂ വലുപ്പം വെട്ടിക്കുറച്ച് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വൺ മൊബിക്വിക്ക് സിസ്റ്റംസ് ലിമിറ്റഡ്. ഇഷ്യു വലുപ്പമായിരുന്ന 1,900 കോടി രൂപയിൽ നിന്ന് 700 കോടി രൂപയായാണ് കമ്പനി കുറച്ചത്. പുതിയ ഇഷ്യൂവിനുള്ള കരട് പേപ്പറുകൾ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) വീണ്ടും സമർപ്പിച്ചു.
മുൻപ് 2021 ജൂലൈയിൽ, കമ്പനി 1,900 കോടി രൂപയുടെ ഐപിഒയ്ക്കായി കരട് പത്രിക സെബിക്ക് സമർപ്പിച്ചിരുന്നു.
പുതിയ ഓഹരികൾ മാത്രം നൽകുന്ന ഇഷ്യൂവിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ലീഡ് മാനേജർമാരുടെ ഉപദേശ പ്രകാരം പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 140 കോടി രൂപ കമ്പനി സ്വരൂപിക്കും. ഇത് ഇഷ്യൂ വലുപ്പത്തെ കുറയ്ക്കാൻ സാധ്യതയുണ്ട്.
സമാഹരിച്ച തുകയിൽ നിന്നും 135 കോടി രൂപ സാമ്പത്തിക സേവന വളർച്ചയ്ക്കും, 135 കോടി രൂപ ഡാറ്റ, ടെക്നോളജിയിൽ നിക്ഷേപം നടത്താനും, 70.28 കോടി രൂപ പേയ്‌മെന്റ് ഉപകരണങ്ങളുടെ മൂലധന ചെലവിനായും മാറ്റിവെക്കും. ബാക്കി വരുന്ന തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
ബിപിൻ പ്രീത് സിംഗ്, ഉപാസന ടാക്കു എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം, ടെക്നോളജിയിലും ഫിനാൻസിലും തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ സാമ്പത്തിക മേഖലയിലെ വളർച്ച വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓൺലൈൻ ചെക്ക്ഔട്ട്, ക്വിക്ക് ക്യുആർ സ്കാൻ, മൊബിക്വിക് വൈബ്, ഇഡിസി മെഷീൻ, മർച്ചന്റ് ക്യാഷ് അഡ്വാൻസ് എന്നിവ പോലുള്ള വിപുലമായ പേയ്‌മെന്റ് പരിഹാരങ്ങൾ ബിസിനസുകൾക്കും വ്യാപാരികൾക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അനുബന്ധ സ്ഥാപനമായ പേയ്‌മെന്റ് അഗ്രഗേറ്റർ (PA) ബിസിനസിന് ആർബിഐ അംഗീകാരമുള്ള സാക്പേ ഒരു ബി2ബി പേയ്‌മെന്റ് ഗേറ്റ്‌വേയാണ്.മുൻനിര സംരംഭമായ മൊബിക്വിക്ക് ആപ്പ്, 2021-നും 2023-നും ഇടയിൽ പ്രതിവർഷം 18.29 ദശലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്രെഡിറ്റ്, നിക്ഷേപങ്ങൾ, ഇൻഷുറൻസ് എന്നി സേവനങ്ങളാണ് മൊബിക്വിക്ക് നൽകുന്നത്.
2023 സെപ്റ്റംബർ 30 വരെ, കമ്പനിക്ക് 146.94 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട് കൂടാതെ 3.81 ദശലക്ഷം വ്യാപാരികളെ ഓൺലൈൻ, ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കായുള്ള സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്.