ലുലു ഐപിഒ: 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കും
ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെയാണ് ഒഹരി വില്‍പ്പന
യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ അഞ്ച് വരെയായിരിക്കും ഒഹരി വില്‍പ്പന. ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇത് കമ്പനിയുടെ 25 ശതമാനം ഓഹരികളാണ്. ഐപിഒ രേഖകള്‍ പ്രകാരം നവംബര്‍ 14ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ നിരക്ക് ഓഹരി വില്‍പന തുടങ്ങുന്നതിന് മുമ്പ് പ്രഖ്യാപിക്കും. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഇഷ്യൂവിന്റെ ലീഡ് മാനേജർമാർ.
ഇഷ്യൂവിന്റെ 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി (റീറ്റെയ്ല്‍ നിക്ഷേപകര്‍) നീക്കിവയ്ക്കും. 89 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായി റിസർവ് ചെയ്തിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നാണ് ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സ്. എം.എ യുസഫലി സ്ഥാപിച്ച ലുലുവിന് ജിസിസി രാജ്യങ്ങളിലായി 260 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്താനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്.