കേരളത്തിൽ നിന്നും പുതിയൊരു കമ്പനിയുടെ കൂടി ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. പാലക്കാട് നെമ്മാറ ആസ്ഥാനമായ മാക്സ് സുപ്രീം ടെക്സ്‌റ്റൈല്‍സ് ലിമിറ്റഡാണ് പുതുതായി എത്തുന്നത്. ബി.എസ്.ഇ എസ്.എം.ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
മൊത്തം 17.20 ലക്ഷം പുതു ഓഹരികള്‍ വഴി 10.66 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 62 രൂപ പ്രകാരമായിരിക്കും വില്‍പ്പന.
മൊത്തം ഓഹരികളില്‍ 54.56 ലക്ഷം രൂപ മൂല്യ വരുന്ന 88,000 ഓഹരികള്‍ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ബാക്കി 10.1 കോടി രൂപ മൂല്യം വരുന്ന 16.32 ലക്ഷം ഓഹരികളാണ് പൊതു നിക്ഷേപകര്‍ക്കായി ലഭ്യമാകുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 30.07 ശതമാനമാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്. ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ച് സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.