ലുലുഗ്രൂപ്പ് ഐപിഒ അടുത്തയാഴ്ച

  • അബുദാബി സെക്യൂരിറ്റീസ് മാര്‍ക്കറ്റിലാണ് (എഡിഎക്‌സ്) ഗ്രൂപ്പ് ലിസ്റ്റ് ചെയ്യുക
  • ഒക്ടോബര്‍ അവസാനത്തോടെ വില പ്രഖ്യാപിക്കും
  • ഓഹരികളുടെ ഒരു ശതമാനം ജീവനക്കാര്‍ക്ക് കമ്പനി അനുവദിക്കുമെന്നും സൂചന

Update: 2024-10-20 05:38 GMT

യുഎഇ റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ അതിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു.മലയാളി വ്യവസായി എംഎ യൂസഫലി നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് അതിന്റെ റീട്ടെയില്‍ വിഭാഗത്തിലെയും അനുബന്ധ സോഴ്സിംഗ് ബിസിനസുകളിലെയും ഓഹരിയുടെ 25% വില്‍ക്കുമെന്നാണ് പ്രഥമിക വിവരം.

കമ്പനി 1.7 ബില്യണ്‍ മുതല്‍ 1.8 ബില്യണ്‍ ഡോളര്‍ വരെ ഐപിഒയിലൂടെ സമാഹരിക്കും. ഇത് കമ്പനിക്ക് 6.5 ബില്യണ്‍ മുതല്‍ 7 ബില്യണ്‍ ഡോളര്‍ വരെ മൂല്യം വിലയിരുത്തുന്നു.

അബുദാബി സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ (എഡിഎക്‌സ്) ഐപിഒയുമായി മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ ലുലു ഗ്രൂപ്പ് അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബര്‍ അവസാനത്തോടെ വില പ്രഖ്യാപിക്കുകയും ഓഹരികളുടെ ഒരു ശതമാനം ജീവനക്കാര്‍ക്ക് അനുവദിക്കുമെന്നും സൂചനയുണ്ട്. നവംബര്‍ പകുതിയോടെ ഓഹരികള്‍ എഡിഎക്‌സില്‍ വ്യാപാരം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗള്‍ഫ് റീജിയണിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ സൗദി എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യാന്‍ കമ്പനി ആലോചിച്ചിരുന്നു. എന്നാല്‍ ഇരട്ട ലിസ്റ്റിംഗ് ഇപ്പോള്‍ നടക്കില്ലെന്നാണ് അറിയുന്നത്.

എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്സ്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവ ഐപിഒയ്ക്കായി ടാപ്പുചെയ്ത ബാങ്കുകളില്‍ ഉള്‍പ്പെടുന്നു. മൊയ്‌ലിസ് ആന്‍ഡ് കമ്പനിയെ സാമ്പത്തിക ഉപദേഷ്ടാക്കളായി നിലനിര്‍ത്തിയിട്ടുണ്ട്.

ആഗോള തലത്തില്‍ കമ്പനിക്ക് 260 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ഉണ്ട്. കമ്പനിയുടെ ആസ്ഥാനം അബുദാബിയാണ്. ഷോപ്പിംഗ് മാള്‍ വികസനം, സാധനങ്ങളുടെ നിര്‍മ്മാണം, വ്യാപാരം, ഹോസ്പിറ്റാലിറ്റി ആസ്തികള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലും ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. കമ്പനിക്ക് കീഴില്‍ 26 രാജ്യങ്ങളിലായി എഴുപതിനായിരത്തോളം ജീവനക്കാരുണ്ട്.

യുഎഇയിലെയും ഒമാനിലെയും പ്രീമിയം ഗ്രോസറി റീട്ടെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഓപ്പറേറ്ററായ സ്പിന്നിസിന് ശേഷമുള്ള അടുത്ത വലിയ റീട്ടെയില്‍ ഐപിഒയാണിത്. നിക്ഷേപകരുടെ പ്രതികരണം അറിയുന്നതിനായി തിങ്കളാഴ്ച മുതല്‍ ഗ്രൂപ്പ് നിക്ഷേപക സംഗമങ്ങള്‍ നടത്താനൊരുങ്ങുകയാണ്.

Tags:    

Similar News