ഗോപാൽ സ്നാക്സ് ഐപിഒ; ലക്ഷ്യം 650 കോടി
- ഇഷ്യൂ മാർച്ച് 11-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 381-401 രൂപ
- ഒരു ലോട്ടിൽ 37 ഓഹരികൾ
എഫ്എംസിജി കമ്പനിയായ ഗോപാൽ സ്നാക്സ് ഐപിഒ മാർച്ച് ആറിന് ആരംഭിച്ചു. ഇഷ്യൂ വഴി 1.62 കോടി ഓഹരികളുടെ വിൽപ്പനയിലൂടെ 650 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂ മുഴുവനും ഓഫർ സെയിൽ മാത്രമാണ്.
ഇഷ്യൂ മാർച്ച് 11-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 12-ന് പൂർത്തിയാകും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ് ചേഞ്ചുകളിൽ 14-ന് ലിസ്റ്റ് ചെയ്യും.
ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 381-401 രൂപയാണ്. കുറഞ്ഞത് 37 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,837 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ്14 ലോട്ടുകളാണ് (518 ഓഹരികൾ), തുക 207,718 രൂപ. ബിഎൻഐഐക്ക് 68 ലോട്ടുകളാണ് (2,516 ഓഹരികൾ), തുക 1,008,916 രൂപ.
ജീവനക്കാർക്കായി 96,419 ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. ഇത് 38 രൂപയുടെ കിഴിവിൽ നൽകും.
ബിപിൻഭായ് വിത്തൽഭായ് ഹദ്വാനി, ദക്ഷബെൻ ബിപിൻഭായ് ഹദ്വാനി, ഗോപാൽ അഗ്രിപ്രൊഡക്ട്സ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
1999-ൽ സ്ഥാപിതമായ ഗോപാൽ സ്നാക്സ് ലിമിറ്റഡ്, ഇന്ത്യയിലും അന്തർദേശീയമായും എത്തിനിക്, വെസ്റ്റേൺ ലഘുഭക്ഷണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും നിർമിച്ചു വിൽക്കുന്ന എഫ്എംസിജി കമ്പനിയാണ്.
നംകീൻ, ഗതിയ തുടങ്ങിയ എത്തിനിക് സ്നാക്സുകളും വെസ്റ്റേൺ സ്നാക്സുകളായ വേഫറുകൾ, എക്സ്ട്രൂഡഡ് സ്നാക്സുകൾ, സ്നാക്ക് പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ലഘുഭക്ഷണ ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്ന. പപ്പടം, സുഗന്ധവ്യഞ്ജനങ്ങൾ, ചെറുപയർ അല്ലെങ്കിൽ ബീസാൻ, നൂഡിൽസ്, റസ്ക്, സോൻ പപ്ഡി തുടങ്ങിയ സാധനങ്ങളും കമ്പനിയുടെ കീഴിലുണ്ട്.
കമ്പനിക്ക് 276 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളാണുള്ളത്. പത്തു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 523 ലധികം സ്ഥലങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങൾ വിതരണം ചെയുന്നുണ്ട്. കമ്പനിക്ക് ആറ് മാനുഫാക്ചറിംഗ് യൂണിറ്റുകളാണുള്ളത്, അതിൽ മൂന്ന് പ്രാഥമിക നിർമ്മാണ യൂണിറ്റുകളും മൂന്ന് അനുബന്ധ നിർമ്മാണ യൂണിറ്റുകളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ, ഗുജറാത്തിലെ രാജ്കോട്ട്, മൊഡാസ എന്നിവിടങ്ങളിലാണ് പ്രാഥമിക നിർമാണ യൂണിറ്റുകൾ. രണ്ട് അനുബന്ധ യൂണിറ്റുകൾ ഗുജറാത്തിലെ രാജ്‌കോട്ടിലും, ഒന്ന് മദോസയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഇൻ്റൻസീവ് ഫിസ്‌കൽ സർവീസസ്, ആക്‌സിസ് ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ലിങ്ക് ഇൻടൈം ഇന്ത്യയയാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.