ഹൈ-ഗ്രീൻ കാർബൺ ഇഷ്യൂ സെപ്റ്റം. 21-ന്
- സെപ്റ്റംബർ 25-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 71-75 രൂപ
- ഒക്ടോബർ 4-ന് ലിസ്റ്റ് ചെയ്യും
ഉപയോഗശൂന്യമായ ടയറുകള്‍ പുതുക്കി ഉപയോഗപ്പെടുത്തുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹൈ- ഗ്രീന്‍ കാര്‍ബണ്‍ ( പഴയ പേര് ഷന്റോള്‍ ഗ്രീന്‍ ഹൈഡ്രോകാര്‍ബണ്‍സ് ഇന്ത്യ) ഇഷ്യൂ സെപ്റ്റംബർ 21-ന് ആരംഭിക്കും. 25-ന് അവസാനിക്കും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 71 മുതൽ 75 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്ക് അപേക്ഷിക്കണം. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഒക്ടോബർ 4-ന് ലിസ്റ്റ് ചെയ്യും. ഇഷ്യു വഴി 52.80 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇഷ്യുവില്‍ 44.93 കോടി രൂപയുടെ പുതിയ ഓഹരികളും 7.88 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
ബീലൈൻ ബ്രോക്കിംഗ് ലിമിറ്റഡാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.
ആർഎൻജി ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ്, അമിത്കുമാർ ഹസ്മുഖ്രായ് ഭലോഡി, ഡോ. ശൈലേഷ്കുമാർ വല്ലഭദാസ് മകാഡിയ, കൃപ ചേതൻകുമാർ ഡെത്താരിയ, രാധിക അമിത്കുമാർ ഭലോഡി, ശ്രിയാകുമാരി ശൈലേഷ്കുമാർ മകാഡിയ, കൂഷ് ചേതൻകുമാർ ഡെത്താരിയ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇപ്പോള്‍ രാജസ്ഥാനില്‍ യൂണിറ്റുള്ള കമ്പനി സമാഹരിക്കുന്ന തുക ഉപയോഗിച്ച് മഹാരാഷ്ട്രയിൽ പ്രതിദിനം 100 ടണ്‍ ശേഷിയില്‍ പുതിയ മാനുഫാക്‌ചറിംഗ് യൂണിറ്റ് സ്ഥാപിക്കും. പ്രവർത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായും ഒരു ഭാഗം ഉപയോഗിക്കും.
കമ്പനിയുടെ നിർമ്മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. തുടർച്ചയായ പൈറോളിസിസ് പ്രക്രിയയിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്രോഗ്രാം ലോജിക് കൺട്രോളർ സിസ്റ്റം നിയന്ത്രിക്കുന്ന തുടർച്ചയായ ഫീഡിംഗ്, ഡിസ്ചാർജിംഗ് സിസ്റ്റം ഉള്ള തടസ്സമില്ലാത്ത പ്രവർത്തന രീതിയാണിത്. ഇത് പൂർണ്ണമായും യാന്ത്രികമായ പ്രക്രിയയാണ്, മിക്കവാറും മനുഷ്യ ഇടപെടൽ ആവശ്യമില്ല. പ്രതിദിനം 100 മെട്രിക് ടൺ പാഴ് ടയറുകൾ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.
കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ റിക്കവർഡ് കാർബൺ ബ്ലാക്ക് (ആർസിബി), സ്റ്റീൽ വയറുകൾ, ഇന്ധന എണ്ണ, സിന്തസിസ് ഗ്യാസ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സോഡിയം സിലിക്കേറ്റ് എന്നും അറിയപ്പെടുന്ന അസംസ്കൃത ഗ്ലാസ്, സിന്തസിസ് ഗ്യാസ് ഉപയോഗിച്ച് നിർമിക്കുന്നു.