മാറ്റമില്ലാതെ സ്വർണവില; ആഗോള തലത്തിലും വലിയ ചലനമില്ല
- വെള്ളിവിലയിലും ഇന്ന് മാറ്റമില്ല
- ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുമ്പായി നിക്ഷേപകര്‍ ജാഗ്രതയില്‍
- ജൂലൈയില്‍ പൊതുവേ പ്രകടമായത് ചാഞ്ചാട്ടം
രണ്ട് ദിവസത്തെ ഇടിവിനും ഞായറാഴ്ചയ്ക്കും ശേഷം സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 22 കാരറ്റ് സ്വര്‍ണം പവന് 440 രൂപ ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് പ്രധാനമായും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. രണ്ടര മാസത്തിനിടെ ഉണ്ടായ ഇടിവില്‍ നിന്ന് കരകയറി സ്വര്‍ണം വീണ്ടും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളാണ് ഒരാഴ്ചയായി വിപണിയില്‍ വന്നിരുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5515 രൂപയാണ് ഇന്നത്തെ വില. പവന് 44120 രൂപ.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,016 രൂപയാണ് വില. പവന് 48,128 രൂപയാണ്. ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ ഇന്ന് കാര്യമായ മാറ്റം പ്രകടമായിട്ടില്ല. ഔണ്‍സിന് 1958 - 1963 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവിലയുള്ളത്. ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായി നിക്ഷേപകര്‍ പുലര്‍ത്തുന്ന ജാഗ്രതയും നിരീക്ഷണവും സ്വര്‍ണ വിപണിയെ അടുത്ത രണ്ടു ദിവസങ്ങളിലെ ചലനങ്ങളില്‍ സ്വാധീനിക്കും. യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ഈ വാരത്തില്‍ തങ്ങളുടെ നയം പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ വാരാന്ത്യം വരെ വലിയ ചലനം സ്വര്‍ണത്തില്‍ ഉണ്ടാകില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇടിവിന്‍റെ സാഹചര്യത്തില്‍ വില ഔണ്‍സിന് 1935 ഡോളര്‍ വരെയും ഉയര്‍ച്ചയുടെ സാഹചര്യത്തില്‍ വില ഔണ്‍സിന് 2000 ഡോളര്‍ വരെയും പോകാമെന്നും നിരീക്ഷിക്കപ്പെടുന്നു.
ഇന്ന് 1 ഡോളറിന് 81.89 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റം രേഖപ്പെടുത്തിയിട്ടില്ല. വെള്ളി വില ഗ്രാമിന് 80 .50 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 644 രൂപയാണ് വില.