സ്വര്‍ണം വീണ്ടും കുതിപ്പിലേക്ക്, മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും 44000ല്‍

  • കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് മൊത്തം 440 രൂപ കൂടി
  • ജൂണില്‍ പൊതുവില്‍ ഇടിവാണ് ഉണ്ടായിരുന്നത്
  • ജൂലൈ 25-26 തീയതികളിലാണ് ഫെഡ് റിസര്‍വ് ധനസമിതി യോഗം

Update: 2023-07-13 06:48 GMT

രണ്ടു മാസത്തോളം നീണ്ട ചാഞ്ചാട്ടത്തിനും ഇടിവിനും ശേഷം സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് ആഗോള, ആഭ്യന്തര വിപണികളില്‍ നിന്നു ലഭിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 35 രൂപയുടെ വര്‍ധനയോടെ 5500 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 22 കാരറ്റ് പവന് 44,000 രൂപയാണ് വില. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഈ വില നിലവാരത്തിലേക്ക് സ്വര്‍ണവില തിരിച്ചെത്തുന്നത്.

ഈയാഴ്ചയുടെ തുടക്കത്തില്‍, തിങ്കളാഴ്ച ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ആഗോള വിപണി അന്നുതന്നെ മുന്നേറ്റത്തിന്‍റെ സൂചനകള്‍ പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയുടെ വര്‍ധനയുണ്ടായി. അതായത് രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 55 രൂപയുടെയും പവന് 440 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6000 രൂപയാണ് വില. ഇന്നലത്തെ വിലയില്‍ നിന്ന് 38 രൂപയുടെ വര്‍ധന. 24 കാരറ്റ് പവന് 48,000 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്ന് 304 രൂപയുടെ വര്‍ധന.

ആഗോള തലത്തില്‍ ഔണ്‍സിന് 1955 - 1962 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ നിലയിലേക്ക് വില എത്തുന്നത്. സമീപ ഭാവിയില്‍ വീണ്ടും 2000 ഡോളറിനു മുകളിലേക്ക്  വില എത്താനുള്ള സാധ്യതയും വിപണി വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജൂണിലെ യുഎസ് പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. വിപണി വിദഗ്ധരുടെ പ്രതീക്ഷകള്‍ക്കും താഴെയുള്ള പണപ്പെരുപ്പ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നിക്ഷേകര്‍ക്ക് പൊതുവില്‍ ആവേശകരമായ കാര്യമാണ്. 

ഡോളറിന്‍റെ മൂല്യം ഇന്ന് താഴോട്ടാണ് വന്നിട്ടുള്ളത്. ഇന്നലെ 1 ഡോളറിന് 82.30 രൂപ എന്ന നിലയിലാണ് വിനിമയം നടന്നിരുന്നത് എങ്കില്‍ ഇന്ന് 1 ഡോളറിന് 82.11 രൂപയാണ് മൂല്യം. ഡോളര്‍ മൂല്യം അല്‍പ്പകാലമായി കാര്യമായി മുന്നേറ്റം പ്രകടമാക്കാത്തതും അമേരിക്കയിലെ ധനകാര്യ മേഖലയിലെ പ്രതിസന്ധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് നയിക്കും.

ജൂലൈ അവസാനത്തോടെ നടക്കുന്ന ഫെഡ് റിസര്‍വ് യോഗത്തില്‍ പലിശ നിരക്കുകളില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന സൂചന ശക്തമാണെങ്കിലും, പണപ്പെരുപ്പം മിതമാകുന്ന സാഹചര്യത്തില്‍ അടുത്ത നിരക്ക് വര്‍ധന നീട്ടിവെക്കുന്നതിന് യുഎസ് തീരുമാനമെടുത്തേക്കും എന്ന പ്രതീക്ഷയും ഉയര്‍ന്നുവന്നിട്ടുണ്ട്.  കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന  2 ശതമാനത്തിലേക്ക് സിപിഐ പണപ്പെരുപ്പം അടുക്കുന്നതു വരെ ധനനയം മയപ്പെടുത്താനാകില്ലെന്നാണ് ഫെഡ് റിസര്‍വ് തലവന്‍ ജെറോം പവ്വല്‍ വ്യക്തമാക്കിയിട്ടുള്ളത്. ഫെഡ് റിസര്‍വ് ധനനയ അവലോകന സമിതി ജൂലൈ 25-26 തീയതികളിലാണ് യോഗം ചേരുന്നത്. ഇതിന് മുന്നോടിയായി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ചെരിയുന്നതിനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. 

ഇന്ത്യയിലാകാട്ടെ ജൂണില്‍ പണപ്പെരുപ്പം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. മണ്‍സൂണ്‍ ശക്തമാകുന്നത് വരുമാസങ്ങളില്‍ രാജ്യത്തിലെ ഗ്രാമീണ വരുമാനത്തെ ശക്തിപ്പെടുത്തും. ഇതിനൊപ്പം സ്വര്‍ണത്തിന്‍റെ ആവശ്യകതയും ഉയരും. ഇതും സ്വര്‍ണത്തിന്‍റെയും ആഭരണങ്ങളുടെയും വിലയില്‍ സ്വാധീനം ചെലുത്തും. മണ്‍സൂണിന് പിന്നാലെ ഉല്‍സവ സീസണും വിവാഹ സീസണും എത്തുന്നതും സ്വര്‍ണത്തിന്‍റെ ആവശ്യകതയെ ശക്തമായി നിലനിര്‍ത്തുന്നതിന് സഹായകമാകും. 

ജൂണില്‍ ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവാണ് പ്രകടമായിരുന്നത്. വെറും 7 ദിവസങ്ങളില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ ഇതുവരെ ചാഞ്ചാട്ടമാണ് പ്രകടമായിരുന്നത്. അതിനു മുമ്പ്, മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം പൊതുവില്‍ കുതിപ്പിന്‍റെ പാതയിലായിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വലിയ ചാഞ്ചാട്ടമാണ് വിലയില്‍ ഉണ്ടായത്. 

വെള്ളിവിലയിലും ഇന്ന് മികച്ച വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് 2.50 രൂപയുടെ വര്‍ധനയോടെ വെള്ളി വില 79.50 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 636 രൂപയാണ് വില. ഇന്നലത്തെ വിലയില്‍ നിന്ന് 20 രൂപയുടെ വര്‍ധനയാണിത്. 


Full View


Tags:    

Similar News