ട്രംപിന്റെ വരവിലും മാറ്റുകൂട്ടി പൊന്ന്

  • സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ചു
  • ഗ്രാമിന് 7450 രൂപ
  • പവന്‍ 59600 രൂപ

Update: 2025-01-20 05:17 GMT

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിലും തിളക്കം വര്‍ധിപ്പിച്ച് പൊന്ന്. കഴിഞ്ഞദിവസം കുറഞ്ഞതുക ഇന്ന് തിരിച്ചെടുത്തുകൊണ്ടാണ് സ്വര്‍ണം വിപണിയില്‍ മികവ് പുലര്‍ത്തിയത്. ശനിയാഴ്ച ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 15 വര്‍ധിച്ച് പഴയ നിലയിലെത്തി. പവന് 120 രൂപയുടേയും വര്‍ധനവുണ്ടായി.

ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയായും പവന് 120 രൂപ വര്‍ധിച്ച് 59600 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. സംസ്ഥാനത്ത് ഉണ്ടായ സര്‍വകാല റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇനി പവന് 40 രൂപയുടെ കുറവ് മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് 59640 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ക്രമാനുഗതമായി വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 എന്നവിലയ്ക്കാണ് ഇന്ന് വ്യാപാരം. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായിട്ടില്ല. ഗ്രാമിന് 99 രൂപ എന്നതാണ് ഇന്നത്തെ വിപണിവില.

അതേസമയം അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറും സ്വര്‍ണവിലയെ ബാധിച്ചു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ബജറ്റിലെ ചില സൂചനകളാണ് നേരിയ വിക്കയറ്റത്തിന് വഴിതെളിച്ചത്. ബജറ്റില്‍ സ്വര്‍ണത്തിനുള്ള എക്‌സൈസ് നികുതി വര്‍ധിപ്പിച്ചേക്കും എന്ന വിവരമാണ് പൊന്നിനെ മുന്നോട്ടു നയിച്ചത്.

Tags:    

Similar News