സ്വര്‍ണം ഒന്നര മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍
- 3 ദിവസങ്ങളിലായി പവന് മൊത്തം 576 രൂപയുടെ വര്‍ധന
- ഡോളറിന്‍റെ ശോഷണം സ്വര്‍ണത്തിന് കരുത്ത്
- ഇന്ന് രേഖപ്പെടുത്തിയത് ജൂണ്‍ 2നു ശേഷമുള്ള ഉയര്‍ന്ന വില
കഴിഞ്ഞ രണ്ടു മാസത്തിനിടെ കൈവിട്ട കൊടുമുടിയിലേക്ക് സ്വര്‍ണം വീണ്ടും തിരികെക്കയറുകയാണ്. ജൂണ്‍ 2ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് സംസ്ഥാനത്തെ ജ്വല്ലറികളില്‍. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 10 രൂപ ഉയര്‍ന്ന് 5,570 രൂപയിലെത്തി. പവന് 44,560 രൂപയാണ് വില , അതായത് 80 രൂപയുടെ വര്‍ധന. കഴിഞ്ഞ 3 ദിവസങ്ങളിലായി പവന് മൊത്തം 576 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,075 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 10 രൂപയുടെ വര്‍ധന. പവന് 48,600 രൂപയാണ്, 80 രൂപയുടെ വര്‍ധന. ആഗോള തലത്തില്‍ ഔണ്‍സിന് 1975 - 1988 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. അടുത്ത ദിവസങ്ങളില്‍ തന്നെ ആഗോള തലത്തിലെ വില 2000 ഡോളറിനു മുകളിലെത്താനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നുണ്ട്.
ഡോളര്‍ മൂല്യവും സ്വര്‍ണവും
ഡോളറിന്‍റെ മൂല്യം ഇന്നും താഴോട്ടാണ് വന്നിട്ടുള്ളത്. ഇന്ന് 1 ഡോളറിന് 82.06 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. യുഎസ് ഡോളറിന്‍റെ മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവും യുഎസ് ഉള്‍പ്പടെയുള്ള വിപണികളിലെ പണപ്പെരുപ്പ നിരക്ക് മയപ്പെട്ടതുമെല്ലാം സ്വര്‍ണവിലയ്ക്ക് അനുകൂലമാകാം. വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായുള്ള ജാഗ്രതയും സ്വര്‍ണത്തിലെ നിക്ഷേപങ്ങളില്‍ സ്വാധീനം ചെലുത്തും.
ഇന്ത്യയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ധനത്തില്‍ ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതും സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നതും സ്വര്‍ണ വില ഒരു പരിധിക്കപ്പുറം താഴത്തേക്ക് പോകുന്നതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നുണ്ട്. കോവിഡിന് ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതും റഷ്യ-ഉക്രൈന്‍ സംഘര്‍ഷം വീണ്ടും വഷളാകുന്നതുമെല്ലാം വരും ദിവസങ്ങളിലും സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചേക്കാം.
ഫെഡ് റിസര്‍വ് യോഗം അടുത്തയാഴ്ച
വരാനിരിക്കുന്ന ആഴ്ചയിലെ ഫെഡ് റിസര്‍വ് യോഗത്തില്‍ പലിശ നിരക്കുകളില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്ന സൂചന ശക്തമാണ്. എങ്കിലും പണപ്പെരുപ്പം മിതമാകുന്ന സാഹചര്യത്തില്‍ അടുത്ത നിരക്ക് വര്‍ധന നീട്ടിവെക്കുന്നതിന് യുഎസ് തീരുമാനമെടുത്തേക്കും എന്ന പ്രതീക്ഷയും ഉയര്‍ന്നുവന്നിട്ടുണ്ട്. എങ്കിലും യുഎസിന്‍റെ വായ്പാ ഭാരം വര്‍ധിക്കുന്നതും യൂറോപ്യന്‍ കടപ്പത്രങ്ങളുടെ നേട്ടം കുറയുന്നതുമെല്ലാം നിക്ഷേപകരെ സ്വര്‍ണത്തില്‍ തന്നെ നിലനിര്‍ത്തിയേക്കാം. ആഭ്യന്തര തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന ഉത്സവ സീസണും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതുമെല്ലാം സ്വര്‍ണവിലയ്ക്ക് അനുകൂല ഘടകങ്ങളാണ്.
ജൂലെെയിലെ യുടേണ്‍
ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈ പകുതി വരെയും ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ അതിനു മുമ്പ്, മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു.
വെള്ളിവിലയിലും ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 40 പൈസയുടെ വര്‍ധനയോടെ വെള്ളി വില ഗ്രാമിന് 82.40 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 659.20 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 3.20 രൂപയുടെ വര്‍ധന.