ഡോളറിനെ ചവിട്ടി സ്വര്‍ണം മേലേക്ക് ചാടി; ഇന്നത്തെ വിലയറിയാം

  • രണ്ട് ദിവസങ്ങളിലായി 22 കാരറ്റ് പവന് 360 രൂപയുടെ വര്‍ധന
  • ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1971 - 1982 ഡോളര്‍ എന്ന തലത്തില്‍
  • വെള്ളി വിലയിലും ഇന്ന് വര്‍ധന

Update: 2023-07-27 06:26 GMT

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഉയര്‍ച്ച. 25 ബിപിഎസ് വര്‍ധന അടിസ്ഥാന പലിശ നിരക്കുകളില്‍ വരുത്തിക്കൊണ്ടുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പ്രഖ്യാപനം വന്നതോടെ ആഗോള തലത്തില്‍ തന്നെ സ്വര്‍ണ വില ഇന്ന് മുന്നേറുകയാണ്. ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമെന്നും അത് ആഗോള തലത്തില്‍ ഡോളറിന് തിരിച്ചടിയാകുമെന്നും ഉള്ള വിലയിരുത്തലുകള്‍ ഇന്നലെ മുതല്‍ തന്നെ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. 

ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപയുടെ വര്‍ധനവോടെ 5545 രൂപയാണ് വില. ഇന്നലെ 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരുന്നത്. 22 കാരറ്റ് പവന് 240 രൂപയുടെ വര്‍ധനയോടെ 44,360 രൂപയാണ് ഇന്നത്തെ വില. അതായത് രണ്ട് ദിവസങ്ങള്‍ കൊണ്ട് 360 രൂപയുടെ വര്‍ധനയാണ് പവന് ഉണ്ടായത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കും ഫെഡ് റിസര്‍വിന്‍റെ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ധനനയം കടുപ്പിക്കുന്നതിലേക്ക് നീങ്ങിയാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് എത്തും. 

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 33 രൂപയുടെ വര്‍ധനയോടെ 6,049 രൂപയാണ് വില. പവന് 48,392 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 264 രൂപയുടെ വര്‍ധന. ഔണ്‍സിന് 1971 - 1982 ഡോളര്‍ എന്ന തലത്തിലാണ് ആഗോള തലത്തില്‍ ഇന്ന് സ്വര്‍ണവില.

ഇന്ന് 1 ഡോളറിന് 81.99 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുന്ന പ്രവണത കഴിഞ്ഞ വാരങ്ങളില്‍ പ്രകടമായിട്ടുണ്ട്. 

സംസ്ഥാനത്തെ വെള്ളിവിലയിലും തുടര്‍ച്ചയായ രണ്ടാം ദിവസം ഉയര്‍ച്ച രേഖപ്പെടുത്തി. വെള്ളി വില ഗ്രാമിന് 1.20 രൂപയുടെ വര്‍ധനയോടെ വില 81.50 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 652 രൂപയാണ് വില, 8.80 രൂപയുടെ ഇടിവ്.


Full View


Tags:    

Similar News