കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി; കുരുമുളകിനു നല്ലകാലം

Update: 2023-12-28 13:14 GMT

കൊപ്രയുടെ താങ്ങ് വില കേന്ദ്രം ഉയര്‍ത്തി നിശ്ചിയിച്ചു. മില്‍ കൊപ്രയുടെ താങ്ങ് വില ക്വിന്റ്റലിന് 300 രൂപ ഉയര്‍ത്തി 11,160 രൂപയാക്കി. നടപ്പ് വര്‍ഷം താങ്ങ് വില 10,860 രൂപ മാത്രമായിരുന്നു. ആഗോള തലത്തില്‍ കൊപ്ര വില താഴ്ന്ന് നില്‍ക്കുകയാണെങ്കിലും നമ്മുടെ കാര്‍ഷിക ചിലവുകള്‍ ഗണ്യമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി താങ്ങ് വില ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഉണ്ട കൊപ്രയുടെ താങ്ങ് വില250 രുപ ഉയര്‍ത്തി 12,000 രൂപയാക്കുകയും ചെയ്തു.

പിന്നിട്ട പത്ത് വര്‍ഷത്തിനിടയില്‍ കൊപ്രയുടെ താങ്ങ് വിലയില്‍ ക്വിന്റ്റലിന് 5500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കൃഷിയിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അവസരം ഒരുക്കും. ഈ വര്‍ഷം നാഫെഡ് 1493 രൂപ ചിലവില്‍ 1.33 ലക്ഷം ടണ്‍ കൊപ്ര താങ്ങ് വിലയ്ക്ക് സംഭരിച്ചു. തൊട്ട് മുന്‍ വര്‍ഷത്തെക്കാള്‍ 227 ശതമാനം കൂടുതലാണിത്.

കുരുമുളകിന് ആഭ്യന്തര ആവശ്യക്കാരെത്തിയത് വിലമെച്ചപ്പെടുത്തി, ക്വിന്റ്റലിന് 700 രൂപ ഇന്ന് ഉയര്‍ന്നു. ഉത്തരേന്ത്യന്‍ അന്വേഷങ്ങള്‍ക്കിടയില്‍ ഹൈറേഞ്ച്, വയനാടന്‍ മേഖലയില്‍ നിന്നുള്ള ലഭ്യത കുറഞ്ഞത് ഉല്‍പ്പന്നത്തിന് കരുത്തായി. കൊച്ചി മാര്‍ക്കറ്റില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റ്റലിന് 59,400 രൂപ.

റബര്‍ വിലയില്‍ മാറ്റമില്ല, ടയര്‍ കമ്പനികളും ഇതര വ്യവസായികളും മുഖ്യ വിപണികളില്‍ നിലയുറപ്പിച്ചിട്ടുണ്ടങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഷീറ്റ് വരവ് നാമമാത്രം. പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം വിപണിയിലേയ്ക്ക് ശ്രദ്ധതിരിക്കാമെന്ന നിലപാടിലാണ് വന്‍കിട തോട്ടങ്ങള്‍, നാലാം ഗ്രേഡ് കിലോ 155 രൂപ.


Full View


Tags:    

Similar News