ന്യൂന മർദ്ദ ഫലമായി തെക്കൻ കേരളത്തിൽ അനുഭവപ്പെട്ട മഴ റബർ ടാപ്പിങിന് സ്യഷ്ടിച്ച പ്രതിസന്ധി തുടരുന്നു. കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ്, ലാറ്റക്സ് ലഭ്യത ഗണ്യമായി ചുരുങ്ങിയത് ടയർ വ്യവസായികളെ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു. നാലാം ഗ്രേഡ് റബറിന് 100 രൂപ ഉയർന്ന് 18,900 രൂപയായി. ലാറ്റക്സ് 11,700 രൂപയിലും വിപണനം നടന്നു. രാജ്യാന്തര റബർ അവധി വ്യാപാര കേന്ദ്രങ്ങളിലെ വിലക്കയറ്റം തുടരുകയാണ്. ജപ്പാൻ, സിംഗപ്പുർ വിപണികളിൽ റബർ വിലയിലുണ്ടായ മുന്നേറ്റം കണ്ട് മുഖ്യകയറ്റുമതി രാജ്യമായ തായ്ലൻറ്റ് നാലാംഗ്രേഡിന് തുല്യമായ ഷീറ്റ് വില 20,351 രൂപയായിവർദ്ധിപ്പിച്ചു.
വിയെറ്റ്നാമിൽ ഇന്ന് കുരുമുളക് വില ഉയർന്ന വിവരം പുറത്തു വന്നതോടെ അന്തർ സംസ്ഥാന ഇടപാടുകാർ സംസ്ഥാനത്തെ മുഖ്യവിപണികളിൽ നിന്നും ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. ആഭ്യന്തര വാങ്ങലുകാരിൽ നിന്നുള്ള വർദ്ധിച്ച ഡിമാൻറ്റിനിടയിലും ഉൽപ്പന്നം വിറ്റു മാറാൻ ഹൈറേഞ്ചിലെയും വയനാട്ടിലെയും സ്റ്റോക്കിസ്റ്റുകൾ തയ്യാറായില്ല. നാല് ദിവസത്തിനിടയിൽ ക്വിൻറ്റലിന് 400 രൂപവർദ്ധിച്ച് അൺ ഗാർബിൾഡ് കുരുമുളക് 62,400 രൂപയായി. ടെർമിനൽ വിപണിയിൽ നാടൻ മുളക് വരവ് കുറഞ്ഞ അളവിലാണ്. ഉത്തരേന്ത്യൻ മസാല വ്യവസായികളിൽ നിന്നും ഹൈറേഞ്ച് മുളകിന് അന്വേഷണങ്ങളുണ്ട്.
രാജ്യാന്തര കാപ്പി വില കുതിച്ചുകയറി. ലണ്ടനിൽ അറബിക്കകാപ്പി മൂന്ന് പൗണ്ടിന് മുകളിൽ ഇടപാടുകൾ നടന്നു. മുൻനിര കാപ്പി ഉൽപാദന രാജ്യമായ ബ്രസീലിൽ ഉൽപാദനം കുറയുമെന്ന വിലയിരുത്തലാണ് വിലക്കയറ്റത്തിന് അവസരം ഒരുക്കിയത്. കേരളത്തിലെ കർഷകരുടെ കൈവശം കാര്യമായി ചരക്കില്ല, അടുത്ത മാസം പുതിയ ചരക്ക് വിൽപ്പനയ്ക്ക് സജ്ജമാകും, വയനാട്ടിൽ കാപ്പികുരുകിലോ 408 രൂപ.
ഉൽപാദനമേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ കയറ്റുമതിക്കാർ ഒപ്പം ആഭ്യന്തര വാങ്ങലുകാരും ഉൽപ്പന്നം ശേഖരിക്കാൻ ഉത്സാഹിച്ചു. ശരാശരിഇനങ്ങൾ കിലോ 2918 രൂപയായും മികച്ചയിനങ്ങൾ 3309 രൂപയായും ഉയർന്നു. മൊത്തം 58,513 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു.