നല്ലകാലമൊഴിഞ്ഞ് നാളികേരം; മുഖം മിനുക്കി റബര്‍ വിപണി
- ഏലക്കലേലം സജീവം
- വെളിച്ചെണ്ണവില കുറഞ്ഞു
ഉത്സവകാല ഡിമാന്റില്‍ ഏലക്കലേലം സജീവം. വില്‍പ്പനയ്ക്ക് എത്തുന്ന ചരക്ക് സംഭരിക്കാന്‍ ആഭ്യന്തര വിദേശ ഇടപാടുകാര്‍ മത്സരിച്ചു. ഏതാനും ആഴ്ച്ചകളായി ലേലത്തിന് എത്തുന്ന ഏലക്കയില്‍ ഭൂരിഭാഗവും വിറ്റഴിയുകയാണ്. ഇന്ന് ഇടുക്കിയില്‍ നടന്ന ലേലത്തിന് വന്ന 58,589 കിലോ ഏലക്കയില്‍ 57,945 കിലോയും കൈമാറി. ശരാശരി ഇനങ്ങള്‍ കിലോ 2934 രൂപയിലും മികച്ചയിനങ്ങള്‍ 2934 രൂപയിലും ലേലംകൊണ്ടു.
തമിഴ്‌നാട്ടില്‍ പച്ചതേങ്ങ, കൊപ്രവിലകള്‍ ഇടിഞ്ഞു. പച്ചതേങ്ങയ്ക്ക് മില്ലുകാരില്‍ നിന്നുള്ള ഡിമാന്റ് ചുരുങ്ങിയത് ഉല്‍പ്പന്നവിലയില്‍ സമ്മര്‍ദ്ദം ഉളവാക്കി. അയല്‍ സംസ്ഥാനത്തെ തളര്‍ച്ച കേരളത്തിലും പ്രതിഫലിച്ചു. കൊച്ചിയില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 200 രൂപയും വെളിച്ചെണ്ണയ്ക്ക് 100 രൂപതാഴ്ന്നു. ഇതിനിടയില്‍ മലേഷ്യ ക്രൂഡ് പാംഓയിലില്‍ കയറ്റുമതിക്ക് പത്ത് ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ വിദേശ പാചകയെണ്ണ ഇറക്കുമതി കുറയാന്‍ ഇടയാക്കും.
സംസ്ഥാനത്ത് റബര്‍ ഉല്‍പാദനം ഉയര്‍ന്നെങ്കിലും വിപണികളില്‍ ചരക്ക് വരവ് ശക്തമല്ല. അതേസമയം ക്രിസ്തുമസ് അടുത്തതിനാല്‍ ഡിസംബര്‍ ആദ്യവാരത്തോടെ ഉല്‍പാദകരുടെ ശ്രദ്ധ വില്‍പ്പനയിലേയ്ക്ക് തിരിയുമെന്നാണ് വ്യാപാരരംഗത്ത് നിന്നുള്ള സുചന. രാജ്യാന്തര റബര്‍ അവധി വ്യാപാരത്തില്‍ ജപ്പാന്‍, സിംഗപ്പൂര്‍, ചൈനീസ് മാര്‍ക്കറ്റുകളില്‍ വാങ്ങല്‍ താല്‍പര്യം ശക്തമായിരുന്നു. അവധിയിലെ ആവേശം റെഡിമാര്‍ക്കറ്റായ ബാങ്കോക്കില്‍ പ്രതിഫലിച്ചതോടെ അവിടെ റബര്‍ ഷീറ്റ് വില 19,800 ല്‍ നിന്നും 20,200രൂപയായി ഉയര്‍ന്നു. വിദേശനിന്നുള്ള അനുകൂല വാര്‍ത്തകളെ തുടര്‍ന്ന് കൊച്ചിയില്‍ ആര്‍ എസ് എസ് നാലാംഗ്രേഡ് 18,600 രൂപയില്‍ നിന്നും 18,800രൂപയായി.