വില തകര്‍ച്ചയില്‍ കൊക്കോ, ഓഫ് സീസണില്‍ ഏലം
- ചെറുകിട ചോക്കളേറ്റ് വ്യവസായികളാണ് കൊക്കോ സംഭരിക്കുന്നത്.
- അരലക്ഷം കിലോ വില്‍പ്പനയ്ക്ക് എത്തി ഏലക്ക
- കുരുമുളക് നിരക്ക് ഇടിക്കാന്‍ ശ്രമം
രാജ്യാന്തര വിപണിയില്‍ കൊക്കോയ്ക്ക് വില തകര്‍ച്ച. ന്യൂയോര്‍ക്കില്‍ ടണ്ണിന് ഏതാണ്ട് 1000 ഡോളറിന്റ കുറവ് സംഭവിച്ചെങ്കിലും കേരളത്തില്‍ ഉല്‍പ്പന്ന വിലയില്‍ കാര്യമായ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുടെ പ്രതിഫലനം അടുത്ത ദിസങ്ങളില്‍ പ്രതീക്ഷിക്കാം. സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ ഉണക്ക കൊക്കോ കിലോ 475 രൂപയിലും പച്ച കൊക്കൊ 195 രൂപ വരെ ഉയര്‍ന്ന് വ്യാപാരം നടന്നു. പുതിയ സാഹചര്യത്തില്‍ നിരക്ക് ഇടിയാം. വന്‍കിട, ചെറുകിട ചോക്കളേറ്റ് വ്യവസായികളാണ് കൊക്കോ സംഭരിക്കുന്നത്.
ഏലം
നെടുക്കണ്ടത്ത് ഇന്ന് നടന്ന ഏലക്ക ലേലത്തില്‍ അരലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ ഭൂരിഭാഗവും വാങ്ങലുകാര്‍ തിടുക്കത്തില്‍ ശേഖരിച്ചു. ഓഫ് സീസണായതിനാല്‍ വരവ് ഏത് അവസരത്തിലും കുറയുമെന്ന ഭീതിയിലാണ് വാങ്ങലുകാര്‍. റംസാന്‍ ഡിമാന്റ് മുന്‍ നിര്‍ത്തി അറബ് രാജ്യങ്ങള്‍ കനത്തതോതില്‍ ഏലക്ക ശേഖരിക്കുന്നുണ്ട്. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 1975 രൂപയിലും ശരാശരി ഇനങ്ങള്‍ 1519 രൂപയിലാണ്.
കുരുമുളക്
ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്ക് പുതിയ കുരുമുളക് നീക്കം കുറഞ്ഞു, തൊട്ട് മുന്‍വാരത്തെ അപേക്ഷിച്ച് ചരക്ക് നീക്കത്തില്‍ കര്‍ഷകര്‍ വരുത്തിയ നിയന്ത്രണം വില മെച്ചപ്പെടുത്തുമെന്ന കണക്ക് കൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകള്‍. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും നിരക്ക് ഇടിക്കാന്‍ അവര്‍ ശ്രമം തുടരുകയാണ്. അതേ സമയം അവര്‍ക്ക് ആവശ്യമായ ചരക്കിന്റെ പകുതി പോലും ഇനിയും സംഭരിച്ചിട്ടില്ല, കൊച്ചിയില്‍ കുരുമുളക് കിലോ 519 രൂപ.