റബര്‍ ഷീറ്റ് വില ഉയരുമെന്ന് പ്രതീക്ഷ

  • അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 515 രൂപ
  • വിദേശ കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കി ആഭ്യന്തര നിരക്ക് താഴ്ത്താനുള്ള ശ്രമത്തിലാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍
  • ഓഫ് സീസണായതിനാല്‍ ഏലക്ക നിരക്ക് മെച്ചപ്പെടുമെന്ന പ്രതീക്ഷ ഹൈറേഞ്ചിലെ കര്‍ഷകര്‍ നിലനിര്‍ത്തി

Update: 2024-03-01 12:17 GMT

രാജ്യാന്തര റബര്‍ വിപണിയിലെ വാങ്ങല്‍ താല്‍പര്യം ശക്തമായതിനാല്‍ ഷീറ്റ് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് മുഖ്യ ഉല്‍പാദന രാജ്യങ്ങള്‍. ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ് ക്വിന്റ്റലിന് 19,000

രൂപയ്ക്ക് മുകളിലാണ്. കാര്‍ഷിക മേഖലയില്‍ നിന്നും സംസ്ഥാനത്തെ പ്രമുഖ വിപണികളിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങിയിട്ടും ടയര്‍ വ്യവസായികള്‍ വില ഉയര്‍ത്തുന്നില്ല. സ്‌റ്റോക്കുള്ള റബര്‍ വിപണിയില്‍ ഇറക്കാതെ പരമാവധി ഉയര്‍ന്ന വിലയ്ക്ക് വേണ്ടി ഉല്‍പാദകര്‍ ശ്രമം നടത്തുകയാണ്, നാലാം ഗ്രേഡ് കിലോ 166 രൂപ. വിദേശ കുരുമുളക് ഉത്തരേന്ത്യയില്‍ വില്‍പ്പനയ്ക്ക് ഇറക്കി ആഭ്യന്തര നിരക്ക് താഴ്ത്താനുള്ള ശ്രമത്തിലാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍.

ഹൈറേഞ്ച് മുളക് താഴ്ന്ന വിലയ്ക്ക് ലഭിക്കില്ലെന്നു വ്യക്തമായതാണ് ഇത്തരം ഒരു നീക്കത്തിന് ഇടപാടുകാരെ പ്രേരിപ്പിച്ചത്. അതേ സമയം ഇറക്കുമതി ചരക്കിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാരെ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 515 രൂപയായി താഴ്ന്ന് വ്യാപാരം നടന്നു. കുമളി ഏലക്ക ലേലത്തില്‍ നിന്നും ഉല്‍പ്പന്നം ശേഖരിക്കാന്‍ കയറ്റുമതിക്കാര്‍ക്ക് ഒപ്പം ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചിട്ടും നിരക്ക് കയറിയില്ല. അതേ സമയം ലേലത്തിന് വന്ന 65,073 കിലോഗ്രാം ചരക്ക് പൂര്‍ണ്ണമായി വിറ്റഴിഞ്ഞു, ശരാശരി ഇനങ്ങള്‍ കിലോ 1530 രൂപയിലും മികച്ചയിനങ്ങള്‍ 1946 രൂപയിലും കൈമാറി. ഓഫ് സീസണായതിനാല്‍ നിരക്ക് മെച്ചപ്പെടുമെന്ന പ്രതീക്ഷ ഹൈറേഞ്ചിലെ കര്‍ഷകര്‍ നിലനിര്‍ത്തി.

Tags:    

Similar News