ഹൈറേഞ്ചിലെ ഏലം സ്റ്റോക്കിസ്റ്റുകളും കർഷകരും ക്രിസ്തുമസ് അടുത്തതോടെ പരമാവധി ചരക്ക് വിറ്റുമാറാൻ ഉത്സാഹിച്ചു. തേക്കടിയിൽ നടന്ന ലേലത്തിൽ കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ചരക്ക് സംഭരിക്കാൻ മത്സരിക്കുകയാണ്. മൊത്തം 72,608 കിലോ ഏലക്ക വിൽപ്പനയ്ക്ക് എത്തിയതിൽ 68,664 കിലോയും ലേലം കൊണ്ടു. കയറ്റുമതി ഓർഡറുകൾ ലഭിച്ചവർ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 3252 രൂപ പ്രകാരവും ശരാശരി ഇനങ്ങൾ 2938 രൂപയ്ക്കും ശേഖരിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ ഫെബ്രുവരി വരെ സീസൺ തുടരാൻ ഇടയുണ്ട്.
മഴ കനത്തതോടെ കർണാടകത്തിൽ കാപ്പി വിളവെടുപ്പ് അടുത്ത വർഷത്തിലേയ്ക്ക് നീളാൻ സാധ്യത. ന്യൂനമർദ്ദ ഫലമായുള്ള മഴയിൽ കൂർഗ്ഗ്, ചിക്കമംഗലൂർ മേഖലകളിലെ കാപ്പി തോട്ടങ്ങളിൽ നിന്നും ഉൽപാദകർ പിൻവലിഞ്ഞു. അറബിക്ക 19,500 – 20,800 രൂപയിലും റോബസ്റ്റ 19,000– 19,500 രൂപയിലുമാണ് അവിടെ ഇടപാടുകൾ നടക്കുന്നത്. വയനാടൻ കാപ്പി ഉൽപാദന മേഖലിൽ മൂഡൽ അനുഭവപ്പെടുന്നതിനാൽ വിളവെടുപ്പിന് കാലതാമസം നേരിടുന്നു. ഒട്ടുമിക്ക തോട്ടങ്ങളിലും കാപ്പി കുരു മൂത്തെങ്കിലും വെയിലിൻറ അഭാവത്തിൽ കാപ്പി കുരുക്കൾ പഴുത്തിട്ടില്ല. സാധാരണ ഈ സന്ദർഭത്തിൽ പുതിയ ചരക്കുമായി ഉൽപാദകർ വിപണിയെ സമീപിക്കാറുണ്ട്. കൽപ്പറ്റയിൽ 54 കിലോ ഉണ്ടകാപ്പി 12,000 രൂപയിലും കാപ്പി പരിപ്പ് 40,000 രൂപയിലുമാണ്.
ഉത്തരേന്ത്യയിൽ നിന്നുള്ള ശക്തമായ വാങ്ങൽ താൽപര്യം കണ്ട് ഉൽപാദകർ ടെർമിനൽ മാർക്കറ്റിലേയ്ക്കുള്ള കുരുമുളക് നീക്കം കുറച്ചു. കാർഷിക മേഖലകളിലെ ചെറുകിട വിപണികളിലും ചരക്ക് വരവ് കുറവാണ്. വിലക്കയറ്റം തന്നെയാണ് ഉൽപാദകരെ മുളക് പിടിക്കാൻ പ്രേരിപ്പിക്കുന്നത്. കറിമസാല വ്യവസായികൾ ചരക്ക് സംഭരണ രംഗത്തുണ്ട്. കൊച്ചിയിൽ 36 ടൺ കുരുമുളകിൻറ ഇടപാടുകൾ നടന്നു. ഗാർബിൾഡ് കുരുമുളക് വില ക്വിൻറ്റലിന് 65,500 രൂപയിൽ നിന്നും 65,800 രൂപയായി.