വിപണി കൊക്കോയ്ക്ക് ഒപ്പം; തളര്‍ന്ന് റബര്‍
- ഉല്‍പാദനത്തിലുണ്ടായ വന്‍ ഇടിവാണ് കൊക്കോ വില വര്‍ധനനയ്ക്ക് കാരണം.
ആഗോള വിപണിയില്‍ കൊക്കോ വില 46 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ലോക വ്യാപകമായി കൊക്കോ ഉല്‍പാദനത്തിലുണ്ടായ കുറവാണ് വിലക്കയറ്റത്തിന് അവസരം ഒരുക്കുന്നത്. അതേ സമയം കേരളത്തില്‍ ഉല്‍പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ല. ആഗോള ഉല്‍പാദനം വിലയിരുത്തിയാല്‍ ഇന്ത്യ കൊക്കോ ഉല്‍പാദനത്തില്‍ ഏറെ പിന്നിലാണെങ്കിലും രാജ്യാന്തര വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഹൈറേഞ്ചില്‍ കൊക്കോ വിലയില്‍ പ്രതിഫലിക്കും. ഇടുക്കിയില്‍ ഉണക്ക കൊക്കോ കിലോ 215 രൂപയിലും പച്ച 50 രൂപയിലും വ്യാപാരം നടന്നു. മഴ കുറവായതിനാല്‍ മികച്ചയിനം കായ ഇക്കുറി ഉല്‍പാദിപ്പിക്കാനായ ആശ്വാസത്തിലാണ് നമ്മുടെ കര്‍ഷകര്‍. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കൊക്കോ വില ടണ്ണിന് 4370 ഡോളറായി ഉയര്‍ന്നു. ആഗോള തലത്തില്‍ ഏറ്റവും വലിയ കൊക്കോ ഉല്‍പ്പാദിപ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിളവില്‍ വന്‍ ഇടിവാണ് സംഭവിച്ചത് ചോക്കേളേറ്റ് ഉല്‍പാദകരെ സമ്മര്‍ദ്ദത്തിലാക്കി.
തളര്‍ച്ചയോടെ റബര്‍
രാജ്യാന്തര റബര്‍ വിപണിയില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെയും തളര്‍ത്തി. റബര്‍ അവധി വ്യാപാരത്തില്‍ ജപ്പാനീസ് എക്സ്ചേഞ്ചിലും ചൈന, സിംഗപ്പൂര്‍ വിപണികളിലും അനുഭവപ്പെട്ട തളര്‍ച്ച അതേ വേഗതയില്‍ ബാങ്കോക്കിലും പ്രതിഫലിച്ചതോടെ ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ഷീറ്റ് സംഭരണ വില കിലോ 153 രൂപയായി കുറച്ചു. വന്‍കിടക്കാരുടെ നീക്കം കണ്ട് ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് റബര്‍ വില 150 രൂപയായി താഴ്ത്തി. കേരളത്തില്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്ന് റബര്‍ ടാപ്പിങ് കാര്യമായ തടസമില്ലാതെ നടന്നു.
ഏലം ഡിമാന്റ് ഉയര്‍ന്നു
വണ്ടന്‍മേട് നടന്ന ഏലക്ക ലേലത്തില്‍ ഏതാണ്ട് മുക്കാല്‍ ലക്ഷം കിലോ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. ലേല കേന്ദ്രത്തില്‍ എത്തിയ 74,106 കിലോഗ്രാം ഏലക്കയില്‍ വര്‍ധിച്ച ഡിമാന്റില്‍ 72,280 കിലോയും വിറ്റഴിഞ്ഞു. ക്രിസ്തുമസ്-ന്യൂയര്‍ വില്‍പ്പന മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിച്ചതോടെ മികച്ചയിനങ്ങളുടെ വില കിലോ 2821 രൂപയായും ശരാശരി ഇനങ്ങള്‍ 1584 രൂപയായും ഉയര്‍ന്നു.