പിടിവിട്ട് പച്ചക്കറിവില; എന്താണ് കാരണം? എന്ന് കുറയും ?
- കാലാവസ്ഥാവ്യതിയാനം പലസംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയായി
- കര്‍ണാടകയില്‍ കാലംതെറ്റിപെയ്ത മഴയില്‍ കൃഷി നാശം
- വിളനാശം, വിതരണ ശൃംഖലയിലെ തടസം എന്നിവ പ്രതിസന്ധികളായി
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് തക്കാളിവിലവര്‍ധനയെപ്പറ്റി ഏറെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും തക്കാളിക്കുപുറമേ മറ്റ് പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഇവിടെയും പ്രതിഫലിക്കും എന്നുറപ്പാണ്.
കാലവര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വിലവര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നതാവില്ല. ഇവിടെയും തക്കാളിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മഴക്കാലം ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്നും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. കൂടാതെ പകര്‍ച്ചപ്പനിപോലുള്ള രോഗങ്ങളും ഏവരെയും കഷ്ടപ്പെടുത്തുന്ന കാലം കൂടിയാണിത്. അതിനു പുറമേ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവും അതിന്റെ വിലക്കയറ്റവും ഇരുട്ടടിയാകും.
ഇപ്പോള്‍ ദിനം പ്രതി തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നുകൊണ്ടിരിക്കയാണെന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ഹാറൂണ്‍ പറയുന്നു. ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ വിലവ്യത്യാസം വരുന്നതനുസരിച്ച് ചെറുകിട വില്‍പ്പനയിലും വിലവര്‍ധന ഉണ്ടാകും. അടുത്ത ദിവസങ്ങളിലും റീട്ടെയ്ല്‍ മേഖലയില്‍ വില വില ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുകാരണമായി ഹാറൂണ്‍ പറയുന്നത് കര്‍ണാടകത്തിലെ ചില മേഖലകളില്‍ കാലംതെറ്റി പെയ്ത മഴയാണ് എന്നാണ്. മാര്‍ക്കറ്റില്‍ ലഭ്യതക്കുറവ് ദൃശ്യമാകുമ്പോള്‍ വിലയും ഉയരുന്നു.
ദക്ഷിണ കേരളത്തില്‍ പല പച്ചക്കറികള്‍ക്കും വില കൂടുതലാണ്. അത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംബന്ധിച്ച ചെലവാണെന്നാണ് പൊതുവെ പറയുന്നത്. വീട്ടമ്മമാരും വിലക്കയറ്റത്തില്‍ അസംതൃപ്തരാണ്. ആഴ്ചയില്‍ പച്ചക്കറി വാങ്ങുന്നതിനുള്ള ചെലവ് ഉയര്‍ന്നിരിക്കുന്നതായി പത്തനംതിട്ടയില്‍ നിന്നും പ്രതികരിച്ച ശ്രീലത പറഞ്ഞു. മഴകാരണം മീന്‍ ലഭിക്കുന്നതും കുറവാണ്. അവയ്ക്കും വില ഉയര്‍ന്നതായി സാധാരണ വീട്ടമ്മയായ അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ പച്ചക്കറി ഒഴിവാക്കാനും പറ്റില്ല.
രാജ്യത്താകെ പച്ചക്കറിമാര്‍ക്കറ്റില്‍ വിലക്കയറ്റം ദൃശ്യമാണ്. അതിന് കാരണങ്ങള്‍ പലതാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വേവേറെ കാരണങ്ങളാണ് രേഖപ്പെടുത്തുന്നത്. എന്നാള്‍ എല്ലായിടത്തും പൊതുവായത് കാലാവസ്ഥയുടെ മാറ്റങ്ങളാണ്.
പത്രവാര്‍ത്തകള്‍ അനുസരിച്ച് മെയ് ആദ്യ ആഴ്ചമുതല്‍ പാട്‌നയില്‍ മിക്ക പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. തക്കാളിയുടെ വിലയില്‍ പരമാവധി വര്‍ധനയുണ്ടായപ്പോള്‍, കോളിഫ്ളവര്‍, കാബേജ്, ലേഡി ഫിംഗര്‍, തുടങ്ങി മറ്റ് പച്ചക്കറികളുടെ വിലയും കുതിച്ചുയര്‍ന്നു.
കോളിഫ്ളവറിന്റെ വില കിലോയ്ക്ക് 40 രൂപയില്‍ നിന്ന് 60 രൂപയിലെത്തി. അതുപോലെ, കാബേജിന്റെ വില കിലോഗ്രാമിന് ഒറ്റയടിക്ക് ഇരുപതുപ വര്‍ധിച്ചു. 30-40 രൂപ നിരക്കില്‍ വ്യാപാരം നടന്ന കടകളില്‍ അത് 60രൂപവരെ എത്തി. ഉരുളക്കിഴങ്ങിനും ഉള്ളിക്കും നേരത്ത തന്നെ വിലകൂടിയിരുന്നു. ഈ മാസത്തില്‍ മുപ്പതു രൂപയുടെ വ്യത്യാസം ഇവയ്ക്ക് മാര്‍ക്കറ്റില്‍ ഉണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പച്ചക്കറി വില വര്‍ധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ പച്ചക്കറി വില ശരാശരി 30-35 ശതമാനം വരെ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തക്കാളി കിലോഗ്രാമിന് 130-150 രൂപ നിരക്കിലും പച്ചമുളക് കിലോഗ്രാമിന് 300-350 രൂപ നിരക്കിലുമാണ് വില്‍പ്പന നടക്കുന്നത്. മുളകിന് ഒരാഴ്ച മുമ്പ് 150 രൂപ മാത്രമായിരുന്നു.
ഒഡീഷയിലും കഴിഞ്ഞ 15 ദിവസത്തിനിടെ പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. തക്കാളി കിലോയ്ക്ക് 140-160 രൂപയ്ക്ക് വില്‍ക്കുമ്പോള്‍, പച്ചമുളക് കിലോയ്ക്ക് 200 രൂപയ്ക്കും ഇഞ്ചി കിലോയ്ക്ക് 300 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ആസാം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വിലവര്‍ധന ദൃശ്യമാണ്.
ഡെല്‍ഹിയിലെ സഫല്‍ സ്റ്റോറില്‍ തക്കാളി വില കിലോയ്ക്ക് 129 രൂപയില്‍ എത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതുപോലെ, ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തക്കാളി വില കിലോയ്ക്ക് 150 രൂപയായി വര്‍ധിച്ചു. പച്ചക്കറികളുടെ വില വളരെയധികം വര്‍ധിച്ചിച്ചിരുന്നതായി ഉപഭോക്താക്കള്‍ തന്നെ പറയുന്നു. തക്കാളി കിലോയ്ക്ക് 150 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിലക്കയറ്റം മൂലം ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് പച്ചക്കറി വില ക്രമപ്പെടുത്തണെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബെംഗളൂരുവിലും വില വര്‍ധന ദൃശ്യമാണ്. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതിനാല്‍ പല കൃഷികളും നശിച്ചതായി കെ ആര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. താപനിലയിലെ വ്യതിയാനവും കൃഷി നാശമുണ്ടായി. ചുഴലിക്കാറ്റ് ബിപാര്‍ജോയിയുടെ കനത്ത മഴ ഉള്‍പ്പെടെ നിരവധി കാരണങ്ങളുടെ ഫലമായി രാജസ്ഥാനിലുടനീളം തക്കാളിയുടെയും മറ്റ് പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നതായി മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ബൈപാര്‍ജോയ് ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന മഴയും തുടര്‍ന്ന് മണ്‍സൂണ്‍ ആരംഭിച്ചതും കര്‍ഷകരുടെ വിളകളുടെ നാശത്തിന് കാരണമായതും തക്കാളി വില നാലോ അഞ്ചോ ഇരട്ടി ഉയരാന്‍ കാരണമായി.
ഏപ്രില്‍ -മെയ് മാസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ഉണ്ടായ വിലയിടിവ് കാരണം പല കര്‍ഷകരും പച്ചക്കറി കൃഷി ഉപേക്ഷിച്ചതും വിലവര്‍ധനവിന് കാരണമായി. ഇന്ത്യയുടെ കാര്‍ഷിക മേഖലയാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ കാലാവസ്ഥ സസ്യങ്ങളുടെയും വിളകളുടെയും തരത്തെയും ഗുണങ്ങളെയും ബാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രാഥമിക കാരണം. വിളനാശം, വിതരണ ശൃംഖലയിലെ തടസം, വര്‍ധിച്ച ഡിമാന്‍ഡ്, പ്രത്യേക പ്രദേശങ്ങളെ ആശ്രയിച്ചുള്ള പച്ചക്കറികളുടെ ശേഖരണം ഇവയെല്ലാം മണ്‍സൂണിനു പുറമേ വിലവര്‍ധനവിന് കാരണമാകുന്നു.
ദക്ഷിണേന്ത്യയില്‍ മഴ കനക്കുന്നതോടെ നിലവില്‍ വലിയ വിലയില്ലാതെ ലഭിക്കുന്ന പച്ചക്കറികള്‍ക്കും വിലഉയരും. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഏതു ചലനവും ഇവിടെ പ്രതിഫലിക്കും. കാരണം മിക്ക ഉല്‍പ്പന്നങ്ങളും എത്തുന്നത് ഈ സംസ്ഥാനങ്ങളില്‍നിന്നാണ്. മഴക്കാലം ഇടനിലക്കാരും ഉപയോഗപ്പെടുത്തും. ലഭ്യത കുറയുമ്പോള്‍ സ്വാഭാവികമായും വില ഉയരും.
മേല്‍പ്പറഞ്ഞവക്കെല്ലാം പ്രതിവിധിയായാണ് വീട്ടില്‍ ഒരു അടുക്കളത്തോട്ടം വേണമെന്ന് സര്‍ക്കാരും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സംഘടകളും പറയുന്നത്. വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കാം. അമിത ചെലവില്ലാതെ. കുറയേറെ ശ്രമങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. എങ്കിലും ഭൂരിപക്ഷം പേരും ഇന്ന് വിപണിയെത്തന്നെ ആശ്രയിക്കുന്നു.