ഏലക്കാ സംഭരണത്തില്‍ ആവേശമില്ല; നാടന്‍ കുരുമുളക് വില മുന്നോട്ട്
- പാംഓയില്‍ ഇറക്കുമതി പതിനാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
- പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ്
ഏലക്ക ലേലത്തില്‍ ചരക്ക് വരവ് തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ വാങ്ങലുകാരും കാര്യമായ ആവേശം പ്രകടിപ്പിക്കാതെയാണ് ലേലത്തില്‍ ഏലക്ക സംഭരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഈസ്റ്ററിന് മുന്നോടിയായുള്ള അന്വേഷണങ്ങള്‍ മുന്‍ നിര്‍ത്തി കയറ്റുമതി സമൂഹം ചരക്ക് ശേഖരിക്കുന്നുണ്ട്. ഇതിനിടയില്‍ അറബ് രാജ്യങ്ങള്‍ റംസാന്‍ നൊയമ്പ് കാല ഡിമാന്റ് മുന്‍ നിര്‍ത്തി ഏലക്ക സംഭരിക്കുന്നുണ്ട്. ശരാശരി ഇനം ഏലക്ക ഇന്ന് 2999 രൂപയായി താഴ്ന്നപ്പോള്‍ മികച്ചയിനങ്ങള്‍ 3124 രൂപയില്‍ ലേലം ഉറപ്പിച്ചു. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ക്ക് കനത്ത തോതില്‍ ഏലക്ക ആവശ്യമുള്ള സന്ദര്‍ഭമാണ്. മൊത്തം 12,319 കിലോ ഏലക്ക ലേലത്തില്‍ കൈമാറി.
രാജ്യാന്തര വിപണിയില്‍ പാംഓയില്‍ കൂടുതല്‍ കരുത്ത് നേടുന്നത് വെളിച്ചെണ്ണയുടെ മുന്നേറ്റം സുഗമമാക്കുമെന്ന നിഗമനത്തിലാണ് വന്‍കിട മില്ലുകാര്‍. നാളികേര വിളവെടുപ്പ് നടക്കുന്നതിനാല്‍ കൊപ്രയാട്ട് വ്യവസായികള്‍ കൂടുതല്‍ ചരക്ക് സംഭരണത്തിന് നീക്കത്തിലാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 22,500 രൂപയിലും കൊപ്ര 15,100 ലുമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊപ്ര ഉല്‍പാദനത്തിലെ കുറവ് വിപണിയുടെ അടിത്തറ ശക്തമാക്കി. ഇന്ത്യന്‍ പാംഓയില്‍ ഇറക്കുമതി പതിനാല് വര്‍ഷത്തെ ഏറ്റവും താഴ്ന്നതലത്തില്‍ നീങ്ങുന്നത് പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് ഉയര്‍ത്തി.
നാടന്‍ കുരുമുളക് ലഭ്യത ചുരുങ്ങിയതോടെ വാങ്ങലുകാര്‍ നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിച്ചു. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ മുളക് സംഭരിക്കാന്‍ കാണിച്ച ഉത്സാഹത്തിനിടയില്‍ നിരക്ക് ക്വിന്റ്റലിന് 200 രൂപ വര്‍ധിച്ച് അണ്‍ ഗാര്‍ബിള്‍ഡ് 65,800 രൂപയായി.