ഏഷ്യൻ റബർ മാർക്കറ്റിൽ ഉണർവ്, ഏലക്ക വിപണിയിൽ സജീവമായി ഉത്തരേന്ത്യൻ വ്യാപാരികൾ
ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് ഉണർവ്. പ്രമുഖ അവധി വിപണികളിൽ നിക്ഷേപകർ കാണിച്ച താൽപര്യം വിലക്കയറ്റത്തിന് വഴിതെളിച്ചു. മുൻ നിര റബർ ഉൽപാദന രാജ്യങ്ങൾ ഓഫ് സീസണിലേയ്‌ക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ വിതരണ രംഗത്ത് തടസം നേരിടാനുള്ള സാധ്യത വിപണിയെ പുതിയ ദിശയിലേയ്‌ക്ക് നയിക്കാം. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ റബർ ടാപ്പിങ് മന്ദഗതിയിലാണ്, പകൽ താപനില ഉയർന്നതിനൊപ്പം റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞത് വ്യവസായികളെ അസ്വസ്ഥരാക്കുന്നു. ഷീറ്റിൻറ ലഭ്യത ഉറപ്പ് വരുത്താൻ ടയർ നിർമ്മതാക്കൾ നാലാം ഗ്രേഡ് റബർ കിലോ 189 രൂപയിൽ നിന്നും 190 ലേയ്‌ക്ക് ഉയർത്തി, അഞ്ചാം ഗ്രേഡ് 187 രൂപയിലും വിപണനം നടന്നു.
ഏലക്ക ലേലത്തിൽ അരലക്ഷം കിലോ ചരക്ക് വിൽപ്പനയ്‌ക്ക് ഇറങ്ങി. മലയോര മേഖലയിൽ വിളവെടുപ്പ് അവസാനിക്കാറായത് മുൻ നിർത്തി ലഭ്യമാവുന്ന ചരക്ക് ലേലം കൊള്ളാൻ വാങ്ങലുകാർ ഉത്സാഹിക്കുന്നുണ്ട്. ഉയർന്ന താപനിലയിൽ വിളവെടുപ്പ് പൂർണമായി സ്‌തംഭിക്കുമെന്ന സൂചനയാണ് ഉൽപാദകരിൽ നിന്നും ലഭ്യമാവുന്നത്. അതേ സമയം ജലസേചന മാർഗ്ഗമുള്ള തോട്ടങ്ങളിൽ വിളവെടുപ്പ് തുടരാം. ഉത്തരേന്ത്യൻ വാങ്ങലുകാരും കയറ്റുമതിക്കാരും ചരക്ക് സംഭരണ രംഗത്തുണ്ട്. ശരാശരി ഇനങ്ങളിൽ കിലോ 2990 രൂപയിലും മികച്ചയിനങ്ങൾ കിലോ 3222 രൂപയിലും കൈമാറി. മൊത്തം 52,624 കിലോ ഏലക്കയുടെ ഇടപാടുകൾ നടന്നു.
ദക്ഷിണേന്ത്യൻ വിപണികളിൽ കുരുമുളകിന് വിൽപ്പനക്കാർ കുറഞ്ഞത് വാങ്ങലുകാരെ കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. സംസ്ഥാനത്ത് വിളവെടുപ്പ് മുന്നേറുന്ന അവസരത്തിലും ചരക്ക് ലഭ്യത കുറഞ്ഞത് ഉൽപാദന കുറവിനെ വ്യക്തമാക്കുന്നു. ഗാർബിൾഡ് മുളക് 67,900 രൂപയിൽ വിപണനം നടന്നു.