രാത്രിയിലെ കുറഞ്ഞ താപനിലയും പകൽ അന്തരീക്ഷ താപനില കുതിച്ച് ഉയരുന്നതിനിടയിൽ പല ഏല തോട്ടങ്ങളും നിലനിൽപ്പ് ഭീഷണിയിലാണ്. വേനൽ മഴയുടെ അഭാവം മലയോര മേഖലകളിൽ വരൾച്ച സാധ്യതകൾക്ക് ശക്തി പകരുന്നതിനിടയിൽ ഏല ചെടികൾ കരിഞ്ഞ് ഉണങ്ങുമോയെന്ന ആശങ്കയിലാണ് ഉൽപാദകർ. ഇതിനിടയിൽ വിളവ് കുറഞ്ഞതിനാൽ പിന്നിട്ട ഏതാനും ലേലങ്ങളിൽ ഏലക്ക വരവ് ചുരുങ്ങി, എന്നാൽ ഉൽപ്പന്ന വിലയിൽ കാര്യമായ മാറ്റം അനുഭവപ്പെട്ടില്ല. ചെറുകിട കർഷകർ ആകർഷകമായ വില വരും ദിനങ്ങളിൽ ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലാണ്. കയറ്റുമതിക്കാരും അന്തർ സംസ്ഥാന വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 3197 രൂപയിലും ശരാശരി ഇനങ്ങൾ 2967 രൂപയിലും കൈമാറി.
ഏഷ്യൻ റബർ മാർക്കറ്റുകൾ തുടർച്ചയായ തളർച്ചയ്‌ക്ക് ശേഷം ഇന്ന് മികവ് കാണിച്ചു. തായ്‌ലൻറ് അടക്കമുള്ള മുഖ്യ ഉൽപാദന രാജ്യങ്ങൾ ഓഫ് സീസണിലേയ്‌ക്ക് തിരിയുന്നതിനാൽ മുന്നിലുള്ള മൂന്ന് മാസ കാലയളവിൽ പുതിയ ഷീറ്റ് വരവ് ചുരുങ്ങുമെന്നത് വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരാം. ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് റബർ വില ക്വിൻറ്റലിന് 232 രൂപ വർദ്ധിച്ച് 20,222 രൂപയായി, കേരളത്തിൽ നാലാം ഗ്രേഡ് റബർ 18,900 രൂപയിൽ സ്‌റ്റെഡിയായി വിപണനം നടന്നു. രാജ്യാന്തര മാർക്കറ്റിൽ ചൈനീസ് ടയർ നിർമ്മതാക്കളിൽ നിന്നുള്ള ആവശ്യം ശക്തമല്ല. അമേരിക്കയുമായുള്ള വ്യാപാര സംഘർഷം അവരെ രംഗത്ത് നിന്നും പിന്നോക്കം വലിക്കുന്നു.
നാളികേരോൽപ്പന്നങ്ങളുടെ വില മൂന്നാഴ്‌ച്ചത്തെ ഇടവേളയ്‌ക്ക് ശേഷം താഴ്‌ന്നു. വെളിച്ചെണ്ണയ്‌ക്ക് ഡിമാൻറ് ഉയർന്നത് കണ്ട് മില്ലുകൾ ഉൽപാദനം ഉയർത്തിയെങ്കിലും കൊപ്ര വില താഴ്‌ത്താൻ വ്യവസായികൾ ശ്രമം നടത്തി. കൊച്ചിയിൽ കൊപ്ര 15,050 രൂപയിലും വെളിച്ചെണ്ണ 22,450 രൂപയായും താഴ്‌ന്നു.