ഏഷ്യൻ റബർ വിപണിക്ക് വീണ്ടും കാലിടറുന്നു. വ്യവസായികളും നിക്ഷേപകരും റബർ അവധി വ്യാപാരത്തിൽ വാങ്ങൽ താൽപര്യം കുറച്ചത് റബർ കയറ്റുമതി രാജ്യങ്ങളിൽ ആശങ്ക ഉളവാക്കുന്നു. പ്രമുഖ അവധി വ്യാപാര കേന്ദ്രമായ ഒസാക്ക എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി ദുർബലാവസ്ഥയിലേയ്ക്ക് നീങ്ങുന്നത് മുൻ നിർത്തി ഊഹക്കച്ചവടക്കാർ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കം ജപ്പാനിൽ മാത്രമല്ല, ചൈന, സിംഗപ്പുർ മാർക്കറ്റുകളെയും ബാധിച്ചു. ഇതോടെ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ വില ക്വിൻറ്റലിന് 20,330 രൂപയിൽ നിന്നും 19,906 ലേയ്ക്ക് ഇടിഞ്ഞു. വിദേശത്തെ തളർച്ചയുടെചുവട് പിടിച്ച് കൊച്ചി വിപണിയിൽ നാലാം ഗ്രേഡിന് 100 രൂപ കുറഞ്ഞ്18,900 രൂപയായി.
കയറ്റുമതി മേഖലയിൽ നിന്നും ആഭ്യന്തര വാങ്ങലുകാരിൽ നിന്നും ശക്തമായ പിൻതുണയിൽ ഏലം കരുത്ത് നിലനിർത്തി. രാവിലെ നടന്ന ലേലത്തിൽ ഏലക്ക വരവ് കുറഞ്ഞെങ്കിലും അതിന് അനുസൃതമായി വില മുന്നേറിയില്ല. ആകെ 13,052 കിലോ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ 12,722 കിലോയും ഇടപാടുകാർ മത്സരിച്ച് വാങ്ങി. ശരാശരി ഇനങ്ങൾ 3099 രൂപയിലും മികച്ചയിനങ്ങൾ 3366 രൂപയിലും കൈമാറി.
വില ഇടിച്ചാൽ കുരുമുളക് സംഭരണം നടക്കില്ലെന്ന് വ്യക്തമായതോടെ വാങ്ങലുകാർ വീണ്ടും പിടിമുറുക്കുന്നു. വിളവെടുപ്പിനിടയിൽ താഴ്ന്ന് വിലയ്ക്ക് മുളക് ശേഖരിക്കാമെന്ന നിഗനമനത്തിലായിരുന്നു ഒരു വിഭാഗം വാങ്ങലുകാർ. എന്നാൽ പുതിയ ചരക്ക് കൈവിടാൻ കാർഷിക മേഖല ഉത്സാഹം കാണിച്ചില്ല. ഉൽപാദനം കുറഞ്ഞതിനാൽ കർഷകർ ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വിലക്കയറ്റത്തിന് അവസരം ഒരുക്കാം. രാജ്യാന്തര വിപണിയിൽ മുളക് ശക്തമായ നിലയിലാണ്. വിയെറ്റ്നാമിലെ വിലക്കയറ്റം കണ്ട് ഇന്തോനേഷ്യയും ബ്രസീലും ശ്രീലങ്കയും മുളക് വില ഉയർത്തി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ക്വിൻറ്റലിന് 67,600 രൂപയായി കയറി.