ഐപിഒ രേഖകൾ വീണ്ടും സമർപ്പിച്ച് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ്

  • ഓഗസ്റ്റിലാണ് ആദ്യം രേഖകൾ സമർപ്പിച്ചത്
  • ഐപിഒ വഴി 1250 കോടി രൂപ സമാഹരിക്കും

Update: 2023-04-06 15:30 GMT

സമീപ കാലത്ത് മാർക്കറ്റ് റെഗുലേറ്റർ സെബി പ്രാരംഭ ഓഹരി വില്പനക്കായുള്ള നടപടികൾ കൂടുതൽ കർശനമാക്കി  ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി ) ൽ പരിഷ്കരണം നടത്തിയിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ എത്തുന്ന പല കമ്പനികളും നിക്ഷേപകരുടെ പ്രതീക്ഷക്കൊത്ത് പ്രകടനം നടത്തുന്നില്ല എന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികളിൽ കൂടുതൽ കടും പിടുത്തം ഏർപ്പെടുത്തിയത്. അടിസ്ഥാനപരമായി വർഷങ്ങളായി മികച്ച രീതിയിൽ തുടരുന്ന പല ലാർജ് ക്യാപ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ ദീർഘ കാലത്തേക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന കമ്പനികളാണ് ഇവയെന്ന തെളിയിക്കുന്നതിൽ പല കമ്പനികളും പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം.

ഇതിനോടനുബന്ധിച്ച് മാർച്ചിൽ , 'ഓയോ'നടത്തുന്ന 'ഒരാവെൽ സ്‌റ്റെയ്‌സ്' ഉൾപ്പെടെ  ആറ് കമ്പനികൾ സമർപ്പിച്ച രേഖകൾ, ചില മാറ്റങ്ങളോടെ വീണ്ടും ഫയൽ ചെയ്യുന്നതിനായി സെബി തിരിച്ചയച്ചിരുന്നു.

പ്രാരംഭ ഓഹരി വിൽപനക്കായി എത്തുന്ന പല കമ്പനികളും ലിസ്റ്റ് ചെയുമ്പോൾ ഉണ്ടായ വിലയിൽ നിന്ന് വലിയ തോതിൽ ഇടിഞ്ഞ കാഴ്ചയാണ് വിപണിയിൽ ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ, ഒരു കമ്പനിയെ സംബന്ധിച്ച് വിപണിയിൽ നിന്ന് മൂലധനം സ്വരൂപിക്കുക എന്നത് ഏറെ കടമ്പകൾ കടക്കേണ്ട പ്രക്രിയ തന്നെയാണ്.

അത്തരത്തിൽ ഐപിഒ രേഖകൾ തിരിച്ചയച്ച മറ്റൊരു കമ്പനിയാണ് ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡ്. എന്നാൽ കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി, സെബി അനുശാസിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി വീണ്ടും ഐപിഒയ്ക്കായി രേഖകൾ സമർപ്പിച്ചിരിക്കുകയാണ്.

കമ്പനിയുടെ സ്റ്റോക്ക് അപ്പ്രീസിയേഷൻ റൈറ്റ്സ് സ്‌കീമിൽ മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും സെബിയിൽ രേഖകൾ സമർപ്പിച്ചിട്ടുള്ളത്. ഐ പി ഒ വഴി 1250 കോടി രൂപ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തും, 10 .94 കോടി രൂപ ഓഫർ ഫോർ സെയ്‌ലിലൂടെയും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രൊമോട്ടറായ ഗോ ഡിജിറ്റ് ഇൻഫോ വർക്ക് സർവീസസ്, മറ്റു നിലവിലെ ഓഹരി ഉടമകളുമാണ് ഓഹരികൾ വിറ്റഴിക്കുക.

കമ്പനിയുടെ മൂലധനം വർധിപ്പിക്കുന്നതിനും, ബാധ്യതകൾ തിരിച്ചടക്കുന്നതിനും, മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കുമായും സമാഹരിച്ച തുക വിനിയോഗിക്കും.

2022 ഓഗസ്റ്റിലാണ് ആദ്യമായി കമ്പനി ഐപിഒയ്ക്കായുള്ള രേഖകൾ സമർപ്പിച്ചത്. എന്നാൽ ജീവനക്കാരുടെ സ്റ്റോക്ക് അപ്പ്രിസിയേഷൻ റൈറ്റ്സ് സ്‌കീമുമായി ബന്ധപ്പെട്ട് ചില ആവശ്യകതകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ഇത് തിരിച്ചയക്കുകയായിരുന്നു.

തുടർന്ന് ബന്ധപ്പെട്ട ഭേദഗതികൾ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചു.

ഇതിനുള്ള അനുമതി ബോർഡ് അംഗങ്ങളിൽ നിന്നും, ഓഹരി ഉടമകളിൽ നിന്നും മാർച്ച് 21, മാർച്ച് 27 എന്നി തീയതികളിൽ ചേർന്ന യോഗത്തിൽ ലഭിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട്ട് കൊഹ്‌ലിയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്ക ശർമയും കമ്പനിയുടെ ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

മോട്ടോർ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ്, മറൈൻ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ്, മറ്റ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവ വാഗ്ദാനം ചെയുന്ന കമ്പനിയാണ് ഗോ ഡിജിറ്റ്. 

Tags:    

Similar News