സാധനങ്ങൾ സംഭരിക്കാനുള്ള സ്ഥലം: ആവശ്യത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

  • കഴിഞ്ഞ വര്‍ഷം എട്ട് പ്രധാന നഗരങ്ങളില്‍ ആവശ്യകത എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി
  • എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ് കമ്പനികള്‍ മൊത്തം പാട്ടത്തിന്റെ 17 ശതമാനം വരും
  • വ്യാവസായിക, ലോജിസ്റ്റിക് സ്പെയ്സുകളുടെ പാട്ടം 2023 ല്‍ 38.8 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു

Update: 2024-01-22 07:10 GMT

ഡല്‍ഹി: ലീസിംഗ് ആക്റ്റിവിറ്റി പ്രതിവര്‍ഷം 8 ശതമാനം വര്‍ധിച്ചതോടെ, വ്യാവസായിക, ലോജിസ്റ്റിക് സ്പെയ്സുകളുടെ ആവശ്യം ഉയരുന്നു. സിബിആര്‍ഇയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം എട്ട് പ്രധാന നഗരങ്ങളില്‍ ആവശ്യകത എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ പറയുന്നത്, വ്യാവസായിക, ലോജിസ്റ്റിക് സ്പെയ്സുകളുടെ പാട്ടം മുന്‍ വര്‍ഷത്തെ 36 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 2023 ല്‍ 38.8 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നതായാണ്.

ഈ ശക്തമായ വളര്‍ച്ച ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ഈ മേഖലയുടെ പ്രതിരോധശേഷിയുടെ തെളിവാണെന്ന് സിബിആര്‍ഇ, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക ചെയര്‍മാനും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു.

ഇ-കൊമേഴ്സ്, റീട്ടെയില്‍, നിര്‍മ്മാണം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന വ്യവസായങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ തേഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യാന്‍ തീരുമാനിച്ചതായി കണ്‍സള്‍ട്ടന്റ് അഭിപ്രായപ്പെട്ടു.

സംഭരണ ആവശ്യകതകള്‍ നിറവേറ്റുക, ചെലവ് കുറയ്ക്കുക, ലേബര്‍ സോഴ്സിംഗുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തരണം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തന്ത്രപരമായ നീക്കം.

എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ് കമ്പനികള്‍ മൊത്തം പാട്ടത്തിന്റെ 17 ശതമാനം വരും.

പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം പോലുള്ള സര്‍ക്കാര്‍ നയങ്ങളും സംരംഭങ്ങളും ആഭ്യന്തര എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മുംബൈയിലെ വ്യാവസായിക, ലോജിസ്റ്റിക് സ്പെയ്സുകളുടെ പാട്ടം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. മുന്‍ വര്‍ഷത്തെ 7.3 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 2023 ല്‍ 9.9 ദശലക്ഷം ചതുരശ്ര അടി രേഖപ്പെടുത്തി.

ഡല്‍ഹി എന്‍സിആറില്‍, 2022 കലണ്ടര്‍ വര്‍ഷത്തിലെ 9.4 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഡിമാന്‍ഡ് 7 ദശലക്ഷം ചതുരശ്ര അടിയായി കുറഞ്ഞു. ബെംഗളൂരുവില്‍ 5.9 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 4.7 ദശലക്ഷം ചതുരശ്ര അടിയായി കുറഞ്ഞു. കൊല്‍ക്കത്തയും 3.8 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 3 ദശലക്ഷം ചതുരശ്ര അടിയായി കുറഞ്ഞു. എന്നാല്‍ ഹൈദരാബാദില്‍, ആവശ്യം 3.7 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 4.3 ദശലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിച്ചു.

ചെന്നൈയിലെ വ്യാവസായിക, ലോജിസ്റ്റിക് സ്പെയ്സുകളുടെ പാട്ടം 3.9 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 6 ദശലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിച്ചു. പൂനെയില്‍ പാട്ടം 0.7 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 1.7 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു.

2022 കലണ്ടര്‍ വര്‍ഷത്തിലെ 1.2 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് അഹമ്മദാബാദിലെ വ്യാവസായിക, ലോജിസ്റ്റിക് വെയര്‍ഹൗസിംഗ് സ്ഥലങ്ങളുടെ ആവശ്യം കഴിഞ്ഞ വര്‍ഷം 2.2 ദശലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു.

Tags:    

Similar News