മൊത്ത വാഹന ഉല്‍പ്പാദനത്തിന്റെ 35% റെയില്‍ വഴി അയക്കാന്‍ മാരുതി സുസുക്കി
- വാഹനങ്ങളുടെ 35 ശതമാനവും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി ഇന്ത്യ
- 2014-15 ലെ 5 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 21.5 ശതമാനമായി ഉയര്‍ന്നു
- റെയില്‍വേ വഴിയുള്ള വാഹന നീക്കം 2014-15ല്‍ 65,700 യൂണിറ്റുകളില്‍ നിന്ന് 2023-24ല്‍ 4,47,750 യൂണിറ്റുകളായി ഉയര്‍ന്നു
അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഫാക്ടറികളിലുടനീളം ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ 35 ശതമാനവും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി ഇന്ത്യ. 2014-15 ലെ 5 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 21.5 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ റെയില്‍വേ വഴിയുള്ള വാഹന നീക്കം 2014-15ല്‍ 65,700 യൂണിറ്റുകളില്‍ നിന്ന് 2023-24ല്‍ 4,47,750 യൂണിറ്റുകളായി ഉയര്‍ന്നു. 2030-31 സാമ്പത്തിക വര്‍ഷത്തോടെ ഞങ്ങളുടെ ഉല്‍പ്പാദന ശേഷി ഏകദേശം 2 ദശലക്ഷം യൂണിറ്റില്‍ നിന്ന് 4 ദശലക്ഷം യൂണിറ്റായി ഇരട്ടിയാകുന്നതോടെ, അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 35 ശതമാനത്തോളം വാഹനങ്ങള്‍ അയയ്ക്കുന്നതില്‍ റെയില്‍വേയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി എംഡിയും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ വഴി മാരുതി സുസുക്കി ഇതുവരെ 20 ലക്ഷം യൂണിറ്റുകള്‍ അയച്ചിട്ടുണ്ട്. മാരുതി സുസുക്കി 20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിച്ച് 450-ലധികം നഗരങ്ങളില്‍ സേവനം നല്‍കി വരുന്നു.