ഗൂഗിള്‍ മാറിനില്‍ക്കേണ്ടി വരും: ഇനി ചാറ്റ് ജിപിടി കാലം?

  • കാര്യങ്ങള്‍ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമിങ്ങെന്നു പറയാം
  • കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത

Update: 2022-12-15 09:51 GMT

ഹെയ് സിരി...ഹലോ ഗൂഗിള്‍... അലക്സ...പേഴ്സണല്‍ സഹായികളുടെ കൂട്ടത്തിലേക്കിതാ ഒരു പുത്തന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ബോട്ട് കൂടി. ചാറ്റ് ജിപിടി. അറിയാം ചാറ്റ് ജിപിടിയെപ്പറ്റി...

ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന്‍. അവന്റെ സംശയങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുന്ന കാലം. ഓരോന്ന് പഠിക്കുമ്പോഴും പിന്നാലെ വരും സംശയം. ഇതെല്ലാം നീക്കിക്കൊടുക്കാന്‍ മാത്രം വിവരം രക്ഷിതാക്കള്‍ക്കില്ല. അപ്പോഴെന്തു ചെയ്യും? യൂട്യൂബില്‍ നോക്കി പറഞ്ഞുകൊടുക്കുമെന്നായിരിക്കും സാധാരണ ഉത്തരം. ഒന്നുകൂടി കടന്നുചെന്നാല്‍, ഗൂഗിള്‍ നോക്കി പറഞ്ഞുകൊടുക്കുമായിരിക്കും. എന്നാല്‍ മകന് തന്നെ, അവന്റെ സംശയങ്ങളെ ദൂരീകരിക്കാന്‍ തക്ക പാകത്തില്‍ ഒരാളെ കിട്ടുകയാണെങ്കിലോ? അതും മുഴുസമയം, നല്ല വെടിപ്പോടെ ഉത്തരം പറഞ്ഞുകൊടുക്കുന്നയാളാണെങ്കിലോ? കേമമായി അല്ലേ. അത്തരക്കാരനാണ് ചാറ്റ് ജിപിടി എന്നൊരു ബോട്ട്. ബോട്ട് എന്നാല്‍ റോബോട്ടിന്റെ ചുരുക്കം. കാര്യങ്ങള്‍ ഓട്ടോമാറ്റിക്കായി ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമിങ്ങെന്നു പറയാം.

ജിപിടി എന്നാല്‍?

ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ (OpenAI) എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല. വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. അതായത് നമ്മളെപ്പോലെ സംസാരിക്കുമ്പോഴാണല്ലോ, സംഭാഷണം അതിന്റെ പൂര്‍ണതയിലെത്തുന്നത്.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു. ഒരു ചോദ്യത്തില്‍ അവസാനിക്കുന്നില്ല, സംഭാഷണം. ഉപചോദ്യങ്ങളും തുടര്‍ സംഭാഷങ്ങളുമായി ചോദ്യോത്തരം എത്രയും തുടരാം.

പിന്നിലെ ടെക്നിക്

റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിംഗ് ഫ്രം ഫ്യൂമന്‍ ഫീഡ്ബാക്ക് (ആര്‍എല്‍എച്ച്എഫ്) എന്ന ട്രെയ്നിംഗ് മെത്തേഡ് ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത്. എഐയെ പരിശീലിപ്പിക്കാനായി റിവാര്‍ഡ് അല്ലെങ്കില്‍ പണിഷ്മെന്റ് സിസ്റ്റമാണ് ആര്‍എല്‍എച്ച്എഫ് ഉപയോഗിക്കുന്നത്. ഇതിലൂടെ വേണ്ടതും വേണ്ടാത്തതും എന്ന രീതിയില്‍ വേര്‍തിരിക്കുകയും മനുഷ്യനെപ്പോലെ വേര്‍തിരിച്ച് പഠിക്കുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യും. ആദ്യഘട്ടത്തില്‍ എഐ പരിശീലകരെ വെച്ച് യൂസര്‍മാരായും എഐ അസിസ്റ്റന്റായും ഉത്തരം നല്‍കി പരിശീലിപ്പിച്ചാണ് ചാറ്റ് ജിപിടിയെ ഈയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

പരിമിതികളുണ്ട്

യൂസര്‍മാര്‍ക്കൊപ്പം സഹവസിച്ചും സംസാരിച്ചുമാണ് കാര്യങ്ങള്‍ പഠിക്കുന്നതെന്നതിനാല്‍ തന്നെ പല പരിമിതികളും ചാറ്റ് ജിപിടിക്കുണ്ട്. പലപ്പോഴും തെറ്റായ ഉത്തരങ്ങള്‍ ചാറ്റ് ജിപിടി നല്‍കിയെന്നു വരാം. ഇത് തിരുത്താത്തയിടത്തോളം പ്രശ്നം തന്നെയാണ്. മാത്രമല്ല, ബോംബുണ്ടാക്കുന്നതെങ്ങനെ, മദ്യപിക്കുന്നതെങ്ങനെ തുടങ്ങിയ പ്രശ്നസാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കാനും ചാറ്റ് ജിപിടിക്ക് മടിയില്ല. അത്തരം ഉത്തരങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.

ചാറ്റ് ജിപിടിയുടെ ചില ഉപയോഗങ്ങള്‍

നമ്മുടെ ദൈനംദിന ഉള്ളടക്ക ആവശ്യങ്ങള്‍ക്കും വിവരം വര്‍ധിപ്പിക്കുന്നതിനുമായി ഒരുപാട് സഹായം ചെയ്തുതരാന്‍ ചാറ്റ് ജിപിടിക്കാവുന്നുണ്ട്. ചില ഉപയോഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

1. കണക്ക് കൂട്ടാനും വിശദീകരിക്കാനും ചാറ്റ് ജിപിടി

കണക്കുകള്‍ കൂട്ടാനും അത് വിശദീകരിച്ചു തരാനും മിടുക്കനാണ് ചാറ്റ് ജിപിടി. നമ്മുടെ ചോദ്യങ്ങള്‍ ചാറ്റ് ജിപിടിയില്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ മതി. ഉടനെ വരും മണിമണിയായി ഉത്തരം. 5+5 എന്നാണ് കൊടുത്തതെങ്കില്‍, 10 എന്ന ഉത്തരത്തോടെ നിര്‍ത്തില്ല. എന്തുകൊണ്ടാണ് ഉത്തരം 10 ആവുന്നതെന്ന സംശയം കൂടി ചാറ്റ് ജിപിടി ഒഴിവാക്കിത്തരും.

2. കോഡിംഗ് സഹായത്തിന് ചാറ്റ് ജിപിടി

കോഡിംഗ് ചെയ്യുന്നവരാണോ? അല്ലെങ്കില്‍ കോഡിംഗില്‍ തുടക്കക്കാരാണോ? എങ്ങനെയാണെങ്കിലും ചാറ്റ് ജിപിടി നിങ്ങളുടെ വലിയ സഹായി ആയിരിക്കും. ചില പ്രശ്നങ്ങള്‍ പരിഹരിക്കാനോ, ചില ഭാഗങ്ങള്‍ കോഡ് ചെയ്യാനോ നിങ്ങള്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടാം. നല്ല വെടിപ്പായി ചടപടേന്ന് കോഡ് ചെയ്തുതരും. കൂടെ കോപ്പി ചെയ്തെടുക്കാനും ഓപ്ഷനും കാണും. പേസ്റ്റ് ചെയ്യേണ്ട രൂപവും മറ്റു വിശദീകരങ്ങളും ഒപ്പം പറഞ്ഞുതരും. ഏത് പ്രോഗ്രാമിംഗ് ലാന്‍ഗ്വേജിലാണ് നിങ്ങള്‍ക്ക് കോഡ് വേണമെന്നതും പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്. അതനുസരിച്ചായിരിക്കും ചാറ്റ് ജിപിടി കോഡ് ജനറേറ്റ് ചെയ്തു തരിക.

3. റെസ്യുമെ വേണോ? ചോദിച്ചോളൂ...

റെസ്യുമെ, രാജിക്കത്ത്, ബിസിനസ് പ്രൊപ്പോസല്‍... അങ്ങനെ എന്ത് ചെയ്തു തരാനും സഹായിക്കും ചാറ്റ് ജിപിടി. പ്രൊഫഷണല്‍ ഭാഷയില്‍ അപ്പോള്‍ തന്നെ കിട്ടുന്ന ടെംപ്ലേറ്റ് മാറ്ററില്‍ നമ്മുടേതായ (പേരുകളും മറ്റു വിവരങ്ങളും) മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

4. വിശദമാക്കും, ചുരുക്കിയും പറയും

ഒരു വാക്ക് അടിച്ചുകൊടുത്ത് അതെന്താണെന്ന് വിശദീകരിച്ചുതരാനാവശ്യപ്പെട്ടാല്‍ അതുപോലെ ചെയ്യും. ഒരു വിഷയം നല്‍കി, അത് എത്ര വാക്കുകളില്‍ വിശദീകരിക്കണമെന്നും നിശ്ചയിക്കാനാവും. 500 വാക്കുകളില്‍ മതിയെങ്കില്‍ അങ്ങനെയും 2000 വാക്കുകള്‍ വേണമെങ്കില്‍ അങ്ങനെയും വിശദീകരിച്ചുതരാന്‍ തയ്യാറാണ് ചാറ്റ് ജിപിടി.

5. വര്‍ക്കൗട്ട് പ്ലാന്‍ വേണോ?

വര്‍ക്കൗട്ട് പ്ലാന്‍ തരാനും, ഡയറ്റ് പ്ലാന്‍ എങ്ങനെ വേണമെന്നും ഒരു പേഴ്സണല്‍ അസിസ്റ്റന്റിനെ പോലെ പറഞ്ഞുതരാന്‍ റെഡിയാണ് ചാറ്റ് ജിപിടി. നമ്മള്‍ ഏതു രീതിയിലുള്ള ആളാണെന്ന് വിശദീകരിച്ചുകൊടുത്ത് പ്ലാന്‍ ചോദിക്കുകയാണ് വേണ്ടത്.

കൂടുതല്‍ കൃത്യതയോടെ ചോദിച്ചാല്‍ വ്യക്തതയോടെ തന്നെ ഉത്തരം തരും. ദിവസം എന്തൊക്കെ കഴിക്കണമെന്ന് ചോദിച്ചാല്‍ അങ്ങനെയും, അതൊക്കെ എത്ര ഗ്രാം വീതം കഴിക്കണമെന്ന് ചോദിച്ചാല്‍ അങ്ങനെയും വിശദീകരിച്ചുതരും.

6. ഒരു കഥ ചൊല്ലിച്ചാലോ?

കുട്ടികള്‍ വായിക്കണമെങ്കില്‍ തീര്‍ച്ചയായും അവരുടെ ഭാഷയില്‍ വേണം എഴുതിക്കിട്ടാന്‍. അഞ്ചു വയസ്സുള്ള കുട്ടിക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു കഥ വേണമെന്ന് ചോദിച്ചാല്‍, ആ കുട്ടിക്ക് പറ്റിയ ഭാഷയില്‍ തന്നെ കഥ അടിച്ചുവരും. മുതിര്‍ന്നവര്‍ക്കുള്ള തരത്തിലുള്ളത് ചോദിച്ചാല്‍ അങ്ങനെയും കിട്ടും. കഥയിലെ തന്നെ വ്യത്യസ്ത ഇനങ്ങളെ വെച്ച് ചോദിക്കുകയുമാവാം. കൂടുതല്‍ കൃത്യതയോടെയുള്ള ചോദ്യത്തിന് കൂടുതല്‍ വ്യക്തതയോടെ ഉത്തരമെത്തുമെന്നതാണ് പ്രത്യേകത.

Tags:    

Similar News