ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
- വെജ് താലിയുടെ വില ജൂലൈയില്‍ ഉയര്‍ന്നത് 28ശതമാനം
- നോണ്‍വെജ് താലിക്ക് 13ശതമാനം വര്‍ധന
- തക്കാളിയടക്കമുള്ളവയുടെ വില വര്‍ധന പ്രതിസന്ധി സൃഷ്ടിക്കുന്നു
പരിഹാരമില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന കുതിക്കുന്നു. പച്ചക്കറികളുടെ, പ്രത്യേകിച്ച് തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ഉയരുന്നത് വരുമാനത്തിന്റെ ഭൂരിഭാഗവും ഭക്ഷണത്തിനായി ചെലവഴിക്കുന്ന താഴേത്തട്ടിലുള്ള ജനതക്കുമേല്‍ അമിതഭാരമാണ് ചുമത്തുന്നത്. ക്രിസില്‍ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സാധാരണ വെജിറ്റേറിയന്‍ താലിയുടെ വില മൂന്നിലൊന്ന് വര്‍ധിച്ചത് ഇതിനുദാഹരണമാണ്.
പച്ചക്കറികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടം കാരണം വീട്ടില്‍ സസ്യാഹാര താലി തയ്യാറാക്കുന്നതിനുള്ള ചെലവ് മുന്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ 28ശതമാനമാണ് ഉയര്‍ന്നത്. അതേസമയം ഒരു നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില താരതമ്യേന 13 ശതമാനം വര്‍ധനമാത്രമാണ് രേഖപ്പെടുത്തിയത്.
വീട്ടില്‍ ഒരു സാധാരണ വെജിറ്റേറിയന്‍ താലി തയ്യാറാക്കുന്നതിനുള്ള ശരാശരി ചെലവ് ജൂണ്‍മാസത്തില്‍ 26.3 രൂപയും മെയ്മാസത്തില്‍ 25.1 രൂപയുമായിരുന്നു. ഇത് ജൂലൈമാസത്തില്‍ 33.7 രൂപയായി ഉയര്‍ന്നു. മറുവശത്ത്, ഒരു നോണ്‍ വെജിറ്റേറിയന്‍ താലിയുടെ വില ജൂണില്‍ 60 രൂപയായിരുന്നത് ജൂലൈ മാസത്തില്‍ 13 ശതമാനം വര്‍ധിച്ച് 66.8രൂപയായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി മൂന്നാം മാസവും താലിയുടെ വില ക്രമാതീതമായി ഉയരുകയായിരുന്നു. പ്രധാനമായും തക്കാളിയുടെ വില കുതിച്ചുയര്‍ന്നതാണ് ഈ വിലക്കയറ്റത്തിന് കാരണമായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പറയുന്നത്.
താലിയില്‍ റൊട്ടി, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍, അരി, പരിപ്പ്, തൈര്, സാലഡ് എന്നിവ ഉള്‍പ്പെടുന്നു. ഒരു നോണ്‍-വെജിറ്റേറിയന്‍ താലിക്ക് പരിപ്പിന് പകരം ചിക്കന്‍ ആണ് പരിഗണിക്കുന്നത്.
വെജിറ്റേറിയന്‍ താലിയുടെ വിലവര്‍ധനവിന് കാരണം തക്കാളിയുടെ വില കുതിച്ചുയര്‍ന്നതാണ്. ജൂണില്‍ തക്കാളി കിലോഗ്രാമിന് 33രൂപയായിരുന്നത് പിന്നീട് ഇരുനൂറിനുമുകളിലേക്ക് കുതിക്കുന്നതാണ് നാം കണ്ടത്. ഉത്തരേന്ത്യയില്‍ ഇപ്പോഴും തക്കാളിവില സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.
നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവയിലൂടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും ആറാഴ്ചയിലേറെയായി തക്കാളി വില ഉയര്‍ന്നുതന്നെയാണ്. ഇതിനോടകം പല തക്കാളികര്‍ഷകരും കോടീശ്വരന്‍മാര്‍ വരെ ആയി. തക്കാളിമോഷണവും അതിന്റെ പേരില്‍ കൊലപാതകവും വരെ നടന്നു.
എന്‍സിസിഎഫും നാഫെഡും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി സംഭരിക്കുകയും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 70 രൂപ നിരക്കില്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകുന്നില്ല.
ജൂലൈ അവസാനവാരം കിലോഗ്രാമിന് 100-150 രൂപയായി തക്കാളിവില കുറഞ്ഞെങ്കിലും ചില മെട്രോകളില്‍ തക്കാളി വില വീണ്ടും 250-300 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ജൂലൈയിലെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിനില്‍, തക്കാളി വിലയിലുണ്ടായ കുതിച്ചുചാട്ടത്തില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് പ്രതികൂല കാലാവസ്ഥയും കീടങ്ങളുടെ ആക്രമണവും മൂലമുണ്ടാകുന്ന വിളനാശം മൂലമുള്ള വിതരണത്തിലെ ഇടിവാണ്. മൊത്തത്തിലുള്ള പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടത്തിന് തക്കാളി വില ഒരു പ്രധാന കാരണമാകും.
ഉപഭോക്തൃ വില സൂചികയും തക്കാളിവിലയും തമ്മില്‍ ഇന്ന് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സാരം. തക്കാളി ഒഴികെയുള്ളവ, ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ യഥാക്രമം 16ശതമാനവും ഒന്‍പത് ശതമാനവും ഉയര്‍ന്നിട്ടിട്ടുണ്ട്.
വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ ചില്ലറ വിപണിയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 60-70 രൂപയായി വര്‍ധിക്കുമെന്നാണ്് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റിലെ റാബി സ്റ്റോക്കുകള്‍ സെപ്റ്റംബറിനുപകരം ഓഗസ്റ്റ് അവസാനത്തോടെ ഗണ്യമായി കുറയുമെന്ന് കിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് & അനലിറ്റിക്സിലെ ഗവേഷണ ഡയറക്ടര്‍ പൂഷന്‍ ശര്‍മ്മ പറഞ്ഞു.ഒക്ടോബറില്‍ വിതരണം മെച്ചപ്പെടുന്നതിനാല്‍ വില കുറയുമെന്നും ശര്‍മ്മ പറഞ്ഞു.
നിലവില്‍ ഉള്ളി കിലോയ്ക്ക് 30 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുളകിന്റെയും ജീരകത്തിന്റെയും വില കൂടിയതും താലിയുടെ വിലയെ ബാധിച്ചു. മുളക് വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ 69ശതമാനം ഉയര്‍ന്നപ്പോള്‍ ജീരകം വില 16ശതമാനമാണ് ഉയര്‍ന്നത്.
ഇറച്ചിക്കോഴികളുടെ വില ജൂലൈയില്‍ 3-5ശതമാനം വരെ കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഒരു നോണ്‍-വെജിറ്റേറിയന്‍ താലിയുടെ വില കുറഞ്ഞ വേഗതയിലാണ് വര്‍ധിച്ചത്. സസ്യ എണ്ണയുടെ വിലയില്‍ രണ്ട് ശതമാനം പ്രതിമാസ ഇടിവ് ഉണ്ടായി. ഇത് രണ്ട് താലികളുടെയും വിലയിലെ വര്‍ധനവില്‍ അല്‍പ്പം ആശ്വാസം നല്‍കി.