ബാങ്കിംഗ് ലൈസന്‍സിന് ഇനി കൂടുതല്‍ കര്‍ശന പരിശോധന

  • മേഖലയിലെ നിക്ഷേപ തട്ടിപ്പുകള്‍ പരിഗണിച്ചാണ് പരിശോധന കര്‍ശനമാക്കുന്നത്
  • ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ വിലയിരുത്തും

Update: 2025-01-21 10:25 GMT

ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ കര്‍ശന പരിശോധന സംവിധാനത്തിന് ആര്‍ബിഐ. മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം കെ ജെയിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അപേക്ഷകള്‍ വിലയിരുത്തും.

രാജ്യത്ത് ബാങ്കിംഗ് സേവനം ആരംഭിക്കുന്നത് ഇനി കടുപ്പമാവുമെന്ന സൂചനയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. ബാങ്കിംഗ് മേഖലയിലെ നിക്ഷേപ തട്ടിപ്പുകള്‍ പരിഗണിച്ചാണ് ലൈസന്‍സിനുള്ള അപേക്ഷകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ തിരുമാനിച്ചത്.

പുതിയ മാനദണ്ഡം അനുസരിച്ച് ഇനി സ്റ്റാന്‍ഡിംഗ്എക്‌സ്റ്റേണല്‍ അഡൈ്വസറി കമ്മിറ്റി കൂടി ഇനി അപേക്ഷകള്‍ വിലയിരുത്തും. എം കെ ജെയിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ രേവതി അയ്യര്‍; ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍വതി വി സുന്ദരം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ എംഡി ഹേമന്ത് ജി കോണ്‍ട്രാക്ടര്‍; ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മുന്‍ എംഡിയും സിഇഒയുമായ എന്‍.എസ്. കണ്ണന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. കമ്മിറ്റിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും.

പൊതു ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും വേണ്ടിയുള്ള അപേക്ഷകള്‍ ആദ്യം റിസര്‍വ് ബാങ്ക് പരിശോധിക്കും, പ്രഥമദൃഷ്ട്യായുള്ള യോഗ്യത ഉറപ്പാക്കുക റിസര്‍വ് ബാങ്കായിരിക്കും. തുടര്‍ന്ന് അപേക്ഷകന്റെ സാമ്പത്തികാവസ്ഥ അടക്കമുള്ളവ കമ്മിറ്റി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍, അന്നപൂര്‍ണ ഫിനാന്‍സ്, എയു സ്മോള്‍ ഫിനാന്‍സ്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവയുടെ ലൈസന്‍സ് അപേക്ഷകളാണ് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലുള്ളത്. 

Tags:    

Similar News