ബാങ്കുകളിലെ പണലഭ്യത; ആര്‍ബിഐ ലക്ഷം കോടിയുടെ ബോണ്ട് വാങ്ങും
- ഡോളറിന്റെ ബൈ-സെല്‍ സ്വാപ്പും റിസര്‍വ് ബാങ്ക് നടത്തും
- നടപടി എന്‍ബിഎഫ്സികള്‍ക്കും സഹായമാവും
;
ബാങ്കിംഗ് സംവിധാനത്തില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക്. ലക്ഷം കോടിയുടെ സര്‍ക്കാര്‍ ബോണ്ട് വാങ്ങും.
പണലഭ്യത ഉറപ്പാക്കുന്നതിന് ബോണ്ടുകള്‍ വാങ്ങുന്നതിന് പുറമേ, ഡോളറിന്റെ ബൈ-സെല്‍ സ്വാപ്പും റിസര്‍വ് ബാങ്ക് നടത്തും. 10 ബില്യണ്‍ ഡോളറിന്റെ ബൈ/സെല്‍ സ്വാപ്പുകളാണ് നടത്തുക. നീക്കം എന്‍ബിഎഫ്സികള്‍ക്കും സഹായമാവും.
റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണ്യ ശേഖരത്തില്‍ നിന്ന് ഡോളറുകള്‍ വിറ്റഴിക്കുകയും ആ പണം ബാങ്കുകള്‍ക്ക് നിശ്ചിത സമയത്തേക്ക് നല്‍കുകയും ചെയ്യും. മൂന്ന് മാസം വരെ നീളുന്ന സമയ പരിധിയില്‍ റിസര്‍വ് ബാങ്ക് ഈ ഡോളര്‍ തിരിച്ച് വാങ്ങി വിദേശനാണ്യ ശേഖരത്തിലേക്ക് ചേര്‍ക്കും.
രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുന്നത്. വിദേശ നിക്ഷേപ സ്ഥാനങ്ങള്‍ ഇക്വിറ്റി വിറ്റഴിച്ച ഘട്ടത്തിലും ഡോളര്‍ കരുത്താര്‍ജിക്കുമ്പോഴും ആര്‍ബിഐ ഡോളര്‍ വില്‍പ്പന നടത്താറുണ്ട്. വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് നിലയില്‍ തുടരുന്നത് കണക്കിലെടുക്കുമ്പോള്‍ വിറ്റതിനേക്കാള്‍ ഡോളര്‍ ആര്‍ബിഐ ഇക്കാലത്തിനിടയില്‍ വാങ്ങിയിട്ടുണ്ടെന്നതും വ്യക്തമാണ്.
പണലഭ്യത പ്രശ്നം ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലുമുണ്ടായിരുന്നു. ഈ സമയത്ത് മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തി ഇതില്‍ ആദ്യഘട്ടത്തിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ ലേലം നടത്തി. ഇതിലൂടെ 60,000 കോടി രൂപ എത്തിച്ചു.ജനുവരി 31 ന് നടന്ന ഡോളറിന്റെ സ്വാപ് ലേലത്തിലൂടെ 500 കോടിയും എത്തി.രണ്ടാം ഘട്ടത്തില്‍ 56 ദിവസത്തെ വേരിയബിള്‍ റേറ്റ് റിപ്പോ ലേലത്തിലൂടെയും 50,000 കോടി എത്തിച്ചു. ഇതിന് ശേഷമാണ് ബോണ്ടുകള്‍ വാങ്ങാനും വീണ്ടും ഡോളര്‍ വിറ്റഴിക്കാനും ഉദ്ദേശിക്കുന്നത്.