ഡീസല്‍ കാറുകളുമായി സ്‌കോഡ തിരിച്ചെത്തുന്നു
- ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍
- മുന്‍പ് രാജ്യത്ത് സ്‌കോഡ വിറ്റിരുന്ന കാറുകളില്‍ 80%വരെ ഡീസല്‍ മോഡലുകളായിരുന്നു
ഇന്ത്യന്‍ നിരത്തുകളിലേക്ക് വീണ്ടും ഡീസല്‍ കാറുകളുമായി സ്‌കോഡ. ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4, ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് വാഹനം വീണ്ടും പുറത്തിറക്കുന്നത്.
ഇന്ത്യക്കാര്‍ക്കിടയില്‍ ഡീസല്‍ കാറുകള്‍ക്ക് ഇന്നും വലിയൊരു സ്ഥാനമുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് സ്‌കോഡ ഇന്ത്യന്‍ മേധാവിയായ പീറ്റര്‍ ജനേബ പറഞ്ഞു. മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡ വിറ്റിരുന്ന കാറുകളില്‍ 80 ശതമാനം വരെ ഡീസല്‍ മോഡലുകളായിരുന്നു. ഉഭോക്താക്കള്‍ക്ക് ഡീസല്‍ മോഡലുകളോടുള്ള ഇഷ്ടം ഇന്നുമുണ്ടെന്നും പീറ്റര്‍ ജനേബ പറഞ്ഞു.
ഇന്നും ഹ്യുണ്ടേയ്, കിയ ടാറ്റ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കളുടെ പ്രധാന വില്‍പന ഡീസല്‍ മോഡലുകളാണ്. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാവുമ്പോഴും ഡീസല്‍മോഡലുകള്‍ക്കുള്ള ഈ വില്‍പന, ഈ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ ആകര്‍ഷണത്തിനുള്ള സൂചന കൂടിയാണ്.
ആഡംബരകാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസും ബിഎംഡബ്ല്യുവും അടക്കം ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ആദ്യം എത്തിയപ്പോള്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പ്രധാനമായും ഡീസല്‍ മോഡലുകളാണ് അവതരിപ്പിച്ചത്. കാര്യക്ഷമതയും കരുത്തുമായെത്തിയ സ്‌കോഡയുടെ ഡീസല്‍ മോഡലുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. കുറഞ്ഞ പരിപാലന ചിലവും മികച്ച പുള്ളിംഗും ഗംഭീര ഇന്ധനക്ഷമതയും ആരാധകരെ കൂട്ടി. ആദ്യ തലമുറ ഒക്ടാവിയ, സൂപ്പര്‍ബ്, റാപ്പിഡ് എന്നിങ്ങനെയുള്ള ഡീസല്‍ മോഡലുകളാണ് സ്‌കോഡയുടെ വില്‍പനയില്‍ വലിയ പങ്കും വഹിച്ചത്.