ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 75000 കടന്നു
- ഒരു ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കാനാണ് കമ്പനിയുടെ ശ്രമം
- ജൂലൈ മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു
നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബിഎസ്എല്‍. രാജ്യത്ത് 4ജി ടവറുകളുടെ എണ്ണം 75000 കടന്നു. പരമാവധി വേഗത്തില്‍ ഒരു ലക്ഷം സൈറ്റുകളില്‍ 4ജി എത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
ദീപാവലിക്ക് 50000 4ജി സൈറ്റുകള്‍ എന്ന പ്രഖ്യാപനം ലക്ഷ്യത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ 75000 4ജി ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് മറ്റൊരു നേട്ടം കൂടി ബിഎസ്എന്‍എല്‍ സ്വന്തമാക്കിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 4ജി വ്യാപനം അതിവേഗം പുരോഗമിക്കുകയാണ്. രാജസ്ഥാനില്‍ പുതിയ 350 4ജി സൈറ്റുകള്‍ സ്ഥാപിച്ചു. ഇതോടെ രാജസ്ഥാനിലെ ആകെ ബിഎസ്എന്‍എല്‍ 4ജി ടവറുകളുടെ എണ്ണം 2767 ആയി. ഇവ ഓണ്‍-എയര്‍ സൈറ്റുകളാണ്.
ടിസിഎസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ബിഎസ്എന്‍എല്‍ 4ജി വ്യാപനത്തിന് നേതൃത്വം നല്‍കുന്നത്. 2025 മെയ് -ജൂണ്‍ കാലയളവില്‍ ഒരു ലക്ഷം 4ജി സൈറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിന് ശേഷം ജൂലൈ മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനും ബിഎസ്എന്‍എല്‍ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 5ജിയുടെ പരീക്ഷണം ഒന്നിലധികം വെണ്ടര്‍മാരുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ നടത്തിവരികയാണ്. ഇ-സിം സേവനങ്ങള്‍ ഉടന്‍ തന്നെ ബിഎസ്എന്‍എല്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.