കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജിയുമായി ബിഎസ്എന്‍എല്‍
- 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി ബിഎസ്എന്‍എല്ലിന് അനുവദിച്ചു
- രാജ്യവ്യാപകമായി ഇതിനകം 65000 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമമം
- ജൂണോടുകൂടി 4ജി വ്യാപനം പൂര്‍ത്തിയാക്കും
കേരളത്തിലെ അയ്യായിരം ടവറുകളില്‍ തദ്ദേശീയ 4ജി ടെക്നോളജി ഇന്‍സ്റ്റാള്‍ ചെയ്തതായി ബിഎസ്എന്‍എല്‍. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇനി മികച്ച വേഗതയില്‍ ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാം. ഇതോടൊപ്പം 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ ബിഎസ്എന്‍എല്ലിന് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
കേരളത്തിലെ 4ജി വിന്യാസത്തില്‍ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. രാജ്യവ്യാപകമായി നടക്കുന്ന 4ജി വ്യാപനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് 5000 തദ്ദേശീയ 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ വിന്യസിച്ചത്. രാജ്യവ്യാപകമായി ഇതിനകം 65000 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി. ആകെ ഒരുലക്ഷം സൈറ്റുകളില്‍ 4ജി അവതരിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ടിസിഎസ് നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ഇനി പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്നത് 35000ല്‍ താഴെ മാത്രം ടവറുകളാണ്.
ഈ വര്‍ഷം ജൂണോടുകൂടി 4ജി വ്യാപനം പൂര്‍ത്തിയാക്കും എന്നാണ് ടിസിഎസും ബിഎസ്എന്‍എല്‍ അധികൃതരും ഉള്‍പ്പെടെ ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതിനിടെ ബിഎസ്എന്‍എല്‍ ന്റെയും എംടിഎന്‍എല്‍ന്റെയും 4ജി വിന്യാസം പൂര്‍ത്തിയാക്കാന്‍ 6,000 കോടി രൂപ കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. രാജ്യവ്യാപകമായി 4ജി എത്തിക്കാന്‍ ബിഎസ്എന്‍എല്‍ 19,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 13,000 കോടിയോളം രൂപ ഇതിനകം ചിലവഴിച്ചു.
അവശേഷിക്കുന്ന 6,000 കോടി രൂപയ്ക്കായി ബിഎസ്എന്‍എല്‍ ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര ക്യാബിനറ്റ് ബാക്കി തുകയും അനുവദിച്ചിരിക്കുന്നത്.4ജി വ്യാപനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജൂലൈയോടുകൂടി 5ജി സേവനങ്ങള്‍ തുടങ്ങാനുള്ള തയാറെടുപ്പുകളും ബിഎസ്എന്‍എല്‍ സമാന്തരമായി നടത്തിവരുന്നുണ്ട്.