ഏപ്രിലില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 8 .5% വളര്‍ച്ച
- കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനത്തില്‍ 7.67 % വർധന
- കല്‍ക്കരി വിതരണം 11.66 % ഉയർന്നു
ഏപ്രിലിൽ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനം 8.5% ഉയർന്ന് 73.14 മില്യണ്‍ ടണ്ണിലെത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022 ഏപ്രിലിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള കൽക്കരി ഉൽപ്പാദനം 67.20 എംടി ആയിരുന്നു. 2023 ഏപ്രിലിന് 77.08 എംടി ഉൽപാദന ലക്ഷ്യമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന്‍റെ 94.89 ശതമാനവും കൈവരിക്കാനായതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോൾ ഇന്ത്യ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് 57.57 എംടി കൽക്കരി ഉൽപ്പാദിപ്പിച്ചു, 2022 ഏപ്രിലിലെ 53.47 എംടി-യെ അപേക്ഷിച്ച് 7.67 % വർധന. സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്‌സിസിഎൽ) കൽക്കരി ഉൽപാദനം 4.77 % ഉയർന്ന് 5.57 എംടി ആയി, ഒരു വർഷം മുമ്പുള്ള ഏപ്രിലില്‍ ഇത് 5.32 എംടി ആയിരുന്നു. മറ്റ് ക്യാപ്റ്റീവ് ഖനികളിൽ നിന്നുള്ള ഉൽപ്പാദനം 10 എംടി ആണ്. 2022 ഏപ്രിലിൽ 8.41 മില്യണ്‍ ടണ്ണിൽ നിന്ന് 18.93 % വർധനയാണിത്.
ഇന്ത്യയുടെ കൽക്കരി വിതരണം 2022 ഏപ്രിലിലെ 71.96 എംടി-യില്‍ നിന്ന് 11.66 % ഉയർന്ന് 80.35 എംടി ആയി.എന്നാല്‍ 2023 ഏപ്രിലിനായി നിശ്ചയിച്ചിരുന്ന കയറ്റുമതി ലക്ഷ്യം 82.26 എംടി ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 61.33 എംടി-യില്‍ നിന്ന് വൈദ്യുതി മേഖലയ്ക്കുള്ള വിതരണം 6.66 ശതമാനം ഉയർന്ന് 65.41 എംടി ആയി.
കൽക്കരി ഉൽപ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നിരുന്നാലും, രാജ്യത്തെ കല്‍ക്കരി ഉപഭോഗം വളരേ ഉയർന്ന നിലയിലായതിനാല്‍ കൽക്കരി ആവശ്യകതയുടെ ഒരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. സ്റ്റീല്‍ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ കോക്കിംഗ് കോള്‍ മതിയായ അളവിൽ രാജ്യത്ത് ലഭ്യമല്ലാത്തതിനാൽ രാജ്യം ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു.
ഏപ്രിലിൽ 4.89 എംടി കോക്കിംഗ് കൽക്കരി മാത്രമാണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. 2022 ഏപ്രിലിലെ 4.14 എംടി-യില്‍ നിന്ന് 18.07 ശതമാനം ഉയർച്ച.