ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍

  • 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണ ഈ വര്‍ഷം ഇന്ത്യ വാങ്ങി
  • രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 42% റഷ്യന്‍ ഇന്ധനം

Update: 2025-02-25 11:17 GMT

ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിലയില്‍. ഈ വര്‍ഷം 49 ബില്യണ്‍ യൂറോയുടെ അസംസ്‌കൃത എണ്ണയാണ് രാജ്യം വാങ്ങിയത്.

നിലവില്‍ രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 42% റഷ്യന്‍ ഇന്ധനമാണ്. രണ്ടാമതായി ഇറാഖില്‍ നിന്നാണ് കൂടുതല്‍ ഇന്ധന ഇറക്കുമതി.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം, 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ ഇന്ധനത്തിന്റെ ഒഴുക്ക് ആരംഭിച്ചതെന്നും ഇന്ധന മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കി.

മോസ്‌കോയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരാന്‍ കാരണമായി. യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയില്‍ റഷ്യന്‍ ഇന്ധനം 1% മാത്രമായിരുന്നെങ്കില്‍ യുദ്ധത്തിന് ശേഷം ഇത് വലിയ തോതില്‍ വര്‍ധിച്ചു.ഇന്ത്യയുടെ ഇറക്കുമതിയുടെ മൂല്യം വര്‍ഷം തോറും 8 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ പരമ്പരാഗതമായി ഇന്ത്യയിലേക്ക് ഇന്ധന ഇറക്കുമതി നടത്തിയിരുന്ന രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു. ഇത്തരത്തില്‍ ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ വിഹിതം കുറഞ്ഞു നില്‍ക്കുന്നതായി എനര്‍ജി ട്രാക്കര്‍ പ്ലാറ്റ്ഫോമായ വോര്‍ടെക്സയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേ സമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ നിലവില്‍ പഴയതു പോലെ റഷ്യന്‍ ഇന്ധനത്തിന് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ല എന്നൊരു വസ്തുതയുമുണ്ട്. റഷ്യ പുതിയ വിപണികള്‍ കണ്ടെത്തിയതാണ് ഇതിനൊരു കാരണം.

തെക്കെ അമേരിക്കന്‍ വിപണികളിലേക്ക് നിലവില്‍ റഷ്യ വന്‍തോതില്‍ ഇന്ധന ഇറക്കുതി നടത്തുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് വെല്ലുവിളിയാകുന്നുമുണ്ട്. നേരത്തെ റഷ്യയുടെ മൊത്തം ആഗോള ഫോസില്‍ ഇന്ധന വരുമാനം 242 ബില്യണ്‍ യൂറോയായിരുന്നു. ഇത് ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം 847 ബില്യണ്‍ യൂറോയായി വര്‍ധിച്ചു. 

Tags:    

Similar News