എടിഎഫ് വില വര്‍ധന: വിമാനയാത്രാ നിരക്ക് ഉയരും
ഇന്ത്യയില്‍ ഒക്ടോബറിര്‍- ഡിസംബര്‍ കാലയളവ് ഉത്സവ സീസനാണ്
രാജ്യത്ത് വിമാനയാത്രാ നിരക്ക് ഉയരും. കഴിഞ്ഞ മൂന്ന് മാസമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) വിലയിലുണ്ടായ ഗണ്യമായ വര്‍ധനയെ തുടര്‍ന്നാണിത്.
ഈ വര്‍ഷം ജൂണ്‍ 1-നും ഒക്ടോബര്‍ 1-നുമിടയില്‍ എടിഎഫ് വിലയില്‍ 32.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
ഒക്ടോബര്‍ അഞ്ച് മുതല്‍ ഇന്‍ഡിഗോ ഫ്യുവല്‍ ചാര്‍ജ് എന്ന പേരില്‍ അധിക നിരക്ക് ഈടാക്കാന്‍ തുടങ്ങി. സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കി പരമാവധി 1000 രൂപ വരെയായിരിക്കും ഇത്തരത്തില്‍ ഫ്യുവല്‍ ചാര്‍ജ്ജായി ഈടാക്കുന്നത്.
ഇന്ത്യയില്‍ ഒക്ടോബറിര്‍- ഡിസംബര്‍ കാലയളവ് ഉത്സവ സീസനാണ്. ഇക്കാലത്താണ് വിമാനയാത്രയില്‍ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നതും.
ഇപ്പോള്‍ ഫ്യുവല്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചതോടെ അത് ഇന്‍ഡിഗോയുടെ യാത്രക്കാരില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.
ഇന്‍ഡിഗോയെ തുടർന്ന് മറ്റ് ചില ആഭ്യന്തര വിമാനക്കമ്പനികളും വിമാനനിരക്കിനൊപ്പം യാത്രക്കാരില്‍ നിന്നും അധികമായി ഫ്യുവല്‍ ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
500 കിലോമീറ്റര്‍ വരെയുള്ള വിമാന യാത്രകള്‍ക്ക് 300 രൂപയും 501 മുതല്‍ 1,000 കിലോമീറ്റര്‍ വരെയുള്ള വിമാനങ്ങള്‍ക്ക് 400 രൂപയുമാണ് ഇന്‍ഡിഗോ ഇന്ധന ചാര്‍ജ് ഈടാക്കുന്നത്.
ഇതാദ്യമായല്ല ഇന്‍ഡിഗോ ഫ്യുവല്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. 2018 മെയ് മാസത്തില്‍, എടിഎഫ് വിലകളില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായപ്പോള്‍ നഷ്ടം നികത്താന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ സമാനമായ നടപടി അന്ന് സ്വീകരിച്ചിരുന്നു. പിന്നീട് എടിഎഫ് വില കുറഞ്ഞതോടെ അത് ഒഴിവാക്കി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവ എല്ലാ മാസവും ആദ്യ ദിവസം എടിഎഫ് വില പരിഷ്‌കരിക്കാറുണ്ട്.