അവഗണന മരണമണിയല്ല; പ്രതിരോധ കമ്പനികള്‍ക്ക് സ്വപ്‌നതുല്യ വളര്‍ച്ച

  • റഫാല്‍ കരാറില്‍ നിന്നും ഒഴിവാക്കിയത് എച്ച്എഎല്ലിന് തിരിച്ചടിയായി
  • എന്നാല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റുചെയ്യപ്പെട്ട കമ്പനിയുടേത് അമ്പരപ്പിക്കുന്ന വളര്‍ച്ച
  • പൊതുമേഖലയിലെ പല കമ്പനികളും വിപണിയെ ഞെട്ടിച്ച് മുന്നേറുന്നു

Update: 2023-06-11 06:54 GMT

പ്രതിരോധ രംഗത്ത് മുന്‍പ് രാജ്യത്ത് ഏറെ വിവാദത്തിന് വഴിതെളിച്ചതായിരുന്നു റഫാല്‍ യുദ്ധവിമാനക്കരാര്‍. ഫ്രാന്‍സുമായി ഒപ്പിട്ട 36 വിമാനങ്ങള്‍ക്കുവേണ്ടിയുള്ള ഈ ഉടമ്പടി ഇന്ന്് പൂര്‍ണമായും നടപ്പായിക്കഴിഞ്ഞു.

എന്നാല്‍ കരാര്‍ ഒപ്പിട്ട സമയത്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഇടപാടില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഈ നടപടിയും അന്ന് വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായി.

പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ മികച്ച ട്രാക്ക് റെക്കാഡുള്ള സ്ഥാപനം തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്രയും വലിയ ഒരു പ്രതിരോധക്കരാറില്‍ നിന്ന് രാജ്യത്തിന്റെ അഭിമാന സ്ഥാപനത്തെ എന്തുകൊണ്ട് ഒഴിവാക്കി എന്നത് ദുരൂഹമായിരുന്നു.

ഈ നടപടി കമ്പനിയുടെ മികവിനെപ്പറ്റി ചോദ്യങ്ങള്‍ ഉയരാന്‍ കാരണവുമായി. യുദ്ധവിമാനക്കരാര്‍ രാജ്യത്തിന്റെ ആക്രമണ ശേഷി വര്‍ധിപ്പിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും ചൈനയുമായി ഉണ്ടായ അതിര്‍ത്തി സംഘര്‍ഷ സാഹചര്യങ്ങളില്‍ റഫാലിന്റെ വരവ് ഇന്ത്യക്ക് വ്യോമ മേഖലയില്‍ മേല്‍ക്കൈ ലഭിക്കാന്‍ കാരണമാകും എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

അത്രയും പ്രാധാന്യമുള്ള ഒരു ഉടമ്പടിയില്‍ നിന്നാണ് എച്ച്എഎല്ലിനെ ഒഴിവാക്കിയത്. ഇത് ബിസിനസ് തലത്തില്‍ നോക്കി കാണുമ്പോള്‍ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. റഫാല്‍ കരാറിനെ പലരും അന്ന് ഇന്ത്യന്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനത്തിന്റെ മരണമണിയായാണ് കണ്ടത്.

എന്നാല്‍ അതിനുശേഷം, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ വളര്‍ച്ചയില്‍ കമ്പനി മാര്‍ക്കറ്റില്‍ ഉയര്‍ന്നുവന്ന എല്ലാ സംശയങ്ങയെും ദൂരീകരിച്ചു. സ്വപ്‌നതുല്യമായ ഒരു മുന്നേറ്റമാണ് അവര്‍ പ്രവര്‍ത്തനരംഗത്ത് കാഴ്ചവെച്ചത്.

ഈ കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 280ശതമാനം വളര്‍ച്ചയാണ് എച്ച്എഎല്‍ കൈവരിച്ചത്. കമ്പനി അതിന്റെ വിപണി മൂലധനം അല്ലെങ്കില്‍ മൊത്തം മൂല്യം കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു.

2018 ലാണ് കമ്പനി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നത്. അന്ന് എച്ച്എഎല്ലിന്റെ മൊത്തം വിപണി മൂലധനം 3.87 ബില്യണ്‍ ഡോളറായിരുന്നു. 2020വരെ ചില ചാഞ്ചാട്ടങ്ങളോടെ മൂല്യം തുടര്‍ന്നു.

2021 ആയപ്പോഴേക്കും കമ്പനിയുടെ വിപണി മൂലധനം 5.44 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. പിന്നീട് വളര്‍ച്ചയുടെ കാലമായിരുന്നു. 2022 ല്‍ ഏകദേശം ഇരട്ടിയായി 10.22 ബില്യണ്‍ ഡോളറായി.

2023 ന്റെ ആദ്യ പകുതിയില്‍ മാത്രം, അതിന്റെ വിപണി മൂലധനം 14.76 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ മാസം എട്ടാം തീയതിവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വളര്‍ച്ച അല്ലെങ്കില്‍ ഏകദേശം 1.18 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണ് എന്നുകാണാം. അതായത് 280ശതമാനം ഉയര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്.

ഇതെല്ലാം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് എച്ച്എഎല്ലിന് ഈ കുതിച്ചുകയറ്റം ഉണ്ടായിട്ടുള്ളത്. ഇക്കാര്യം നിക്ഷപകരെപ്പോലും അമ്പരപ്പിക്കുന്നു.

ഈ മാറ്റങ്ങള്‍ അതിനനുസൃതമായി ഓഹരിവിലയിലും പ്രതിഫലിക്കുന്നുണ്ട്.

എച്ച്എഎല്ലിന്റെ ഒരു ഓഹരിക്ക് 2018 ജൂണ്‍ ഏഴിന് 998 രൂപയായിരുന്നു.

ഇപ്പോള്‍, അതായത് 2023 ജൂണ്‍ ഏഴാകുമ്പോള്‍ അതിന്റെ വില 3489 രൂപയായാണ് ഉയര്‍ന്നത്. ഏകദേശം 250 ശതമാനം വര്‍ധനയാണ് ഇവിടെ ഉണ്ടായത്.

അഞ്ച് വര്‍ഷം മുമ്പ് ഒരാള്‍ എച്ച്എഎല്ലില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ആ നിക്ഷേപം ഇന്ന് 3.49 ലക്ഷം രൂപആയി വര്‍ധിച്ചിട്ടുണ്ടാകും. വളര്‍ച്ച എച്ച് എഎല്ലില്‍ മാത്രം ഒതുങ്ങുന്നില്ല. മറ്റ് പ്രധാന പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ഈ പാത പിന്തുടരുന്നു.

അതിനുദാഹരണമാണ് മറൈന്‍ എഞ്ചിനീയറിംഗ് പൊതുമേഖലാ സ്ഥാപനമായ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്. 2020ലാണ് ഈ കമ്പനി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. അന്ന് കമ്പനിയുടെ ഒരു ഓഹരിയുടെ വില 173 രൂപ മാത്രമായിരുന്നു. 2023 ജൂണിലെ കണക്കു പരിശോധിച്ചാല്‍ അത് 1,030 രൂപയായി ഉയര്‍ന്നതായി കാണാം. ഇവിടെ വിലയില്‍ ഏകദേശം 500 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് മനസിലാക്കാം.

ഈ കമ്പനിയില്‍ 2020-ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന്അത് ആറ് ലക്ഷം രൂപയായിട്ടുണ്ടാകും.

അതുപോലെ, മറ്റൊരു മറൈന്‍ എഞ്ചിനീയറിംഗ് കമ്പനിയായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് ലിമിറ്റഡില്‍ 2018ല്‍ നിക്ഷേപിച്ച ഓരോ ഒരു ലക്ഷം രൂപയും ഇന്ന് 4.8 ലക്ഷം രൂപ ആയിട്ടുണ്ടാകും.

ഹെവി ട്രക്കുകളും വാഗണുകളും നിര്‍മ്മിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ഇന്ത്യയില്‍ (ബിഇഎംഎല്‍) 2018-ല്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇന്ന് 2.9 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും.

പ്രതിരോധ രംഗത്തെ സ്ഥാപനങ്ങള്‍ മികവു പുലര്‍ത്തുമ്പോള്‍ അവയുടെ ഓഹരികള്‍ പണം നിക്ഷേപിക്കാനുള്ള സാധ്യതയും താല്‍പ്പര്യവും വര്‍ധിക്കുന്നതായി കാണാം. ഇന്ന് ഈ വിപണി വന്‍ വളര്‍ച്ചയുടെ പാതയിലാണ്.


Tags:    

Similar News