4 സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞെങ്കിലും ജിഎംആർ എയർപോർട്ട് ഓഹരികൾ കുതിപ്പിൽ

  • ജിഎംആർ എയർപോർട്ട്സ് ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ്,
  • ജിക്യുജി പാർട്നെർസ് 28.28 കോടി ഓഹരികൾ വാങ്ങി
  • വെള്ളിയാഴ്ച, ബിഎസ്ഇയിൽ ഓഹരികൾ 11.73 ശതമാനം ഉയർന്നു

Update: 2023-12-09 09:58 GMT

ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച് നാല് സ്ഥാപനങ്ങൾ ഒരുമിച്ച് 4136 കോടി രൂപയുടെ ജിഎംആർ എയർയർപോർട്സ് ഇൻഫ്രാ ഓഹരികളാണ് വെള്ളിയാഴ്ച്ച വിറ്റഴിച്ചത്. ഇത് ഏകദേശം കമ്പനിയുടെ 11.75 ശതമാനം ഓഹരികളാണ്. ഓഹരിയൊന്നിന് 58.20-58.47 രൂപ എന്ന വിലയിലായിരുന്നു ഡീൽ.

എ/ഡി ഇൻവെസ്‌റ്റേഴ്‌സ് ഫണ്ട് എൽപി, എഎസ്എൻ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്, വാരനിയം ഇന്ത്യ ഓപ്പർച്യുണിറ്റി ഫണ്ട്, ഡെക്കാൻ വാല്യൂ ഇൻവെസ്റ്റേഴ്‌സ് ഫണ്ട് എൽപി എന്നി കമ്പനികൾ  70.99 കോടിയിലധികം ഓഹരികളാണ് ഒഴിവാക്കിയത്. 

ഇതിൽ വാരനിയം ഇന്ത്യ ഓപ്പർച്യുണിറ്റി ഫണ്ടും എഎസ്എൻ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും അവരുടെ പക്കലുള്ള മുഴുവൻ ഓഹരികളും വിറ്റു. എ/ഡി ഇൻവെസ്‌റ്റേഴ്‌സ് ഫണ്ടും ഡെക്കാൻ വാല്യൂ ഇൻവെസ്റ്റേഴ്‌സ് ഫണ്ടും യഥാക്രമം 0.96 ശതമാനവും 1.89 ശതമാനം ഓഹരികളാണ് വിറ്റത്. 

രാജീവ് ജെയിന്റെ ഉടമസ്ഥതയിലുള്ള ജിക്യുജി പാർട്നെർസ്, ജിഎംആർ എയർപോർട്സ് ഇൻഫ്രായിലെ 28.28 കോടി ഓഹരികൾ വാങ്ങി. ഇത് ഏകദേശം കമ്പനിയുടെ 4.7 ശതമാനം ഓഹരി പങ്കാളിത്തമാണ്. ഓഹരിയൊന്നിന് 59.09 രൂപയിലായിരുന്നു ഓഹരികളുടെ വാങ്ങൽ. മൊത്തം 1672 കോടി രൂപയുടെ ഓഹരികളാണ് കമ്പനി വാങ്ങിയത്.

നോമുറ ഇന്ത്യയും ആംസ്റ്റർഡാം ആസ്ഥാനമായുള്ള എപിജി അസറ്റ് മാനേജ്മെന്റ് കമ്പനിയും കൂടി മൊത്തം 9.65 കോടി ഓഹരികൾ വാങ്ങി. ഓഹരിയൊന്നിന് 58.20 രൂപ എന്ന നിരക്കിൽ 562 കോടിയുടെ ഓഹരികളാണ് വാങ്ങിയത്.

ജിഎംആർ എയർപോർട്ട്സ് ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ്, കൂടാതെ പ്രതിവർഷം 189 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് കമ്പനി.

ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന വിമാനത്താവളമായ ഡൽഹി എയർപോർട്ട് ഓപ്പറേറ്ററൂമാണ്  ജിഎംആർ എയർപോർട്ട്സ്. ഇതിനു പുറമെ ഹൈദരാബാദ് എയർപോർട്ടും ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് (മോപ) എന്നിവയും കമ്പനി നടത്തി വരുന്നുണ്ട്.

വെള്ളിയാഴ്ച, ബിഎസ്ഇയിൽ ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 11.73 ശതമാനം ഉയർന്ന് 68.89 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News