അറ്റകുറ്റപ്പണികള്‍ എയര്‍ ഇന്ത്യക്ക് തിരിച്ചടിയാകുന്നു

  • ഈ വര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പ്രതിസന്ധി ഉണ്ടാവുക
  • തടസം നേരിട്ട യാത്രക്കാര്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുള്ളതായി എയര്‍ ഇന്ത്യ

Update: 2024-10-30 15:33 GMT

അറ്റകുറ്റപ്പണികള്‍ കാരണം വിമാനങ്ങള്‍ ലഭ്യമല്ലാത്തത് എയര്‍ ഇന്ത്യക്ക് തിരിച്ചടിയാകുന്നു. ഈ വര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യ-യുഎസ് റൂട്ടുകളിലെ 60 ഫ്‌ലൈറ്റുകളാണ് ഇതിനെത്തുടര്‍ന്ന് റദ്ദാകുന്നത്. പീക്ക് യാത്രാ കാലയളവില്‍ റദ്ദാക്കിയ ഫ്‌ലൈറ്റുകളില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കും ചിക്കാഗോയിലേക്കുമുള്ള സര്‍വീസുകളും ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും കാരണം ചില വിമാനങ്ങള്‍ തിരികെ വരാന്‍ വൈകിയതിനാല്‍, ലക്ഷ്യസ്ഥാനങ്ങളുടെ പേര് നല്‍കാതെ നവംബര്‍ മുതല്‍ ഡിസംബര്‍ വരെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ക്യാന്‍സലേഷന്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അതേ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രവര്‍ത്തിക്കുന്ന മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ ഫ്‌ലൈറ്റുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതില്‍ പറയുന്നു.

'നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍, ചിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചില വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മതിയായ വൈഡ്-ബോഡി വിമാനങ്ങള്‍ ഇല്ല,' ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

ഇതിന്റെ ഭാഗമായി ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിംഗ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കി.

അറ്റകുറ്റപ്പണികള്‍ക്കായി അയക്കുന്ന എംആര്‍ഒ ഓപ്പറേറ്ററില്‍ നിന്ന് വിമാനം ലഭിക്കുന്നതില്‍ എയര്‍ ഇന്ത്യ കാലതാമസം നേരിടുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അതിന്റെ ചില വൈഡ് ബോഡി വിമാനങ്ങളും നിലത്തിറക്കിയിട്ടുണ്ട്. 

Tags:    

Similar News