വ്യാപാര കരാര്‍ അന്തിമമാക്കാന്‍ ഇന്ത്യയും യുകെയും

  • ചര്‍ച്ചകള്‍ പുതുവര്‍ഷത്തില്‍ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍
  • ഇരു രാജ്യങ്ങളും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ നീങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നിലച്ചത്
  • തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ 14-ാം റൗണ്ട് ചര്‍ച്ചകള്‍ നടക്കുകയായിരുന്നു

Update: 2024-11-20 09:09 GMT

യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യ. അടുത്തവര്‍ഷം ആദ്യം കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയും തയ്യാറെടുപ്പ് നടത്തുന്നത്. ബ്രസീലില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം.

നിര്‍ദിഷ്ട എഫ്ടിഎയ്ക്കായുള്ള ഇന്ത്യ-യുകെ ചര്‍ച്ചകള്‍ 2022 ജനുവരിയിലാണ് ആരംഭിച്ചത്. രാജ്യങ്ങളും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയതിനാല്‍ 14-ാം റൗണ്ട് ചര്‍ച്ചകള്‍ സ്തംഭിച്ചു.

'പുതുവര്‍ഷത്തില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള യുകെയുടെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,' വാണിജ്യ മന്ത്രാലയം പറഞ്ഞു.

സന്തുലിതവും പരസ്പര പ്രയോജനകരവുമായ എഫ്ടിഎ സാധ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ എടുത്തു പറയുന്നു. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുകെയുടെ ചര്‍ച്ചാ സംഘവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവന പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വൈകാതെ തീയതികള്‍ തീരുമാനിക്കും.

'എഫ്ടിഎ ചര്‍ച്ചകള്‍ മുമ്പ് നേടിയ പുരോഗതിയില്‍ നിന്ന് ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും വ്യാപാര ഇടപാട് വേഗത്തില്‍ അവസാനിപ്പിക്കുന്നതിനുള്ള വിടവുകള്‍ നികത്താന്‍ ശ്രമിക്കുകയും ചെയ്യും,'പ്രസ്താവന പറയുന്നു.ചരക്ക് സേവന മേഖലകളില്‍ തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ ഇനിയുമുണ്ട്.

ഇന്ത്യന്‍ വ്യവസായം തങ്ങളുടെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് യുകെ വിപണിയിലെ ഐടി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നു. കൂടാതെ കസ്റ്റംസ് ഡ്യൂട്ടി കൂടാതെ നിരവധി സാധനങ്ങള്‍ക്ക് വിപണി പ്രവേശനവും.

മറുവശത്ത്, സ്‌കോച്ച് വിസ്‌കി, ഇലക്ട്രിക് വാഹനങ്ങള്‍, ആട്ടിന്‍ മാംസം, ചോക്ലേറ്റുകള്‍, ചില മിഠായികള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ് വരുത്താന്‍ യുകെ ശ്രമിക്കുന്നു.

ടെലികമ്മ്യൂണിക്കേഷന്‍, നിയമ, സാമ്പത്തിക സേവനങ്ങള്‍ (ബാങ്കിംഗ്, ഇന്‍ഷുറന്‍സ്) തുടങ്ങിയ വിഭാഗങ്ങളില്‍ ഇന്ത്യന്‍ വിപണികളില്‍ യുകെ സേവനങ്ങള്‍ക്ക് ബ്രിട്ടന്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നു. ഇരു രാജ്യങ്ങളും ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) സംബന്ധിച്ചും ചര്‍ച്ച നടത്തുന്നുണ്ട്.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 26 അധ്യായങ്ങളാണ് കരാറിലുള്ളത്.

ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ലെ 20.36 ബില്യണില്‍ നിന്ന് 2023-24ല്‍ 21.34 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 

Tags:    

Similar News