ഇന്ത്യ-ബെല്‍ജിയം വ്യാപാരം വര്‍ധിപ്പിക്കും

  • ഫാര്‍മ, അഗ്രി ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം
  • 2023-2024ല്‍ ഇന്ത്യ-ബെല്‍ജിയം വ്യാപാരം 15.07 ബില്യണ്‍ ഡോളര്‍

Update: 2025-01-21 07:13 GMT

ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും ബെല്‍ജിയവും സഹകരണം വര്‍ധിപ്പിക്കും. ഫാര്‍മ, അഗ്രി ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായി.

വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബെല്‍ജിയം വിദേശകാര്യ, വിദേശ വ്യാപാര മന്ത്രി ബെര്‍ണാഡ് ക്വിന്റിനും ബ്രസല്‍സില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

''നിയന്ത്രണ തടസ്സങ്ങള്‍, പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രി-ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാര പ്രക്രിയകളും ചര്‍ച്ച ചെയ്തു. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ ഈ വെല്ലുവിളികളെ നേരിടാന്‍ ഇരുപക്ഷവും സമ്മതിച്ചു,'' വാണിജ്യ മന്ത്രാലയം പറഞ്ഞു.

വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ രണ്ട് മന്ത്രിമാരും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചര്‍ച്ചകളുടെ പുരോഗതിയും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ കാര്യക്ഷമമാക്കുന്നതിനും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാര പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറയുകയും ചെയ്തു.

പുനരുപയോഗ ഊര്‍ജം, ലൈഫ് സയന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന മേഖലകളായി എടുത്തുകാണിച്ചു.

വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് തന്ത്രപരമായ പങ്കാളിയായി ഇന്ത്യയുമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യം ബെല്‍ജിയം തിരിച്ചറിഞ്ഞിട്ടുണ്ട്.

2023-2024ല്‍ ഇന്ത്യ-ബെല്‍ജിയം വ്യാപാരം 15.07 ബില്യണ്‍ ഡോളറായിരുന്നു. 

Tags:    

Similar News