ഇന്ത്യയില്‍ നിന്ന് പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി നേപ്പാള്‍ പരിഗണിക്കും

  • നേപ്പാളില്‍ വേണ്ടത്ര ഉല്‍പ്പാദിപ്പിക്കാത്ത പാല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യ ലഭ്യമാക്കും
  • ഗതാഗത, വ്യാപാര ഉടമ്പടികളുടെ പുനരവലോകനവും ഇരു രാജ്യങ്ങളും നടത്തി
  • സംസ്‌കരിച്ച സസ്യ ഉല്‍പന്നങ്ങളുടെ പട്ടികയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും നേപ്പാള്‍

Update: 2025-01-13 03:56 GMT

ഇന്ത്യയില്‍നിന്ന് പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ പരിഗണിക്കും. ചീസ്, മോര്, തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കാഠ്മണ്ഡു സമ്മതിച്ചതായി വാണിജ്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ജനുവരി 10, 11 തീയതികളില്‍ കാഠ്മണ്ഡുവില്‍ നടന്ന വ്യാപാരം, ഗതാഗതം, അനധികൃത വ്യാപാരത്തെ ചെറുക്കുന്നതിനുള്ള സഹകരണം എന്നിവ സംബന്ധിച്ച ഇന്ത്യ-നേപ്പാള്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ (ഐജിസി) യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്.

'നേപ്പാളിലേക്കുള്ള പാല്‍ കയറ്റുമതിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യന്‍ പക്ഷം ഉയര്‍ത്തിക്കാട്ടി. നേപ്പാളില്‍ വേണ്ടത്ര ഉല്‍പ്പാദിപ്പിക്കാത്ത പാല്‍ ഉല്‍പന്നങ്ങളായ മോര് , ചീസ് എന്നിവയ്ക്കായി ഇന്ത്യയുടെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാന്‍ നേപ്പാളി പക്ഷം സമ്മതിച്ചു,' വാണിജ്യ മന്ത്രാലയം അറിയിച്ചു.

ഗതാഗത ഉടമ്പടിയുടെയും വ്യാപാര ഉടമ്പടിയുടെയും പുനരവലോകനം, നിലവിലുള്ള കരാറുകളിലെ ഭേദഗതികള്‍, മാനദണ്ഡങ്ങളുടെ സമന്വയം, റക്സോള്‍-ബിര്‍ഗഞ്ച് റെയില്‍ പാതയുടെ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള വ്യാപാര അടിസ്ഥാന സൗകര്യ വികസനം എന്നിവയും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

പരസ്പര വിപണി പ്രവേശനം, ബൗദ്ധിക സ്വത്തവകാശം, കസ്റ്റംസ് ഡ്യൂട്ടി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.

കൂടാതെ, നേപ്പാളിന്റെ അഭ്യര്‍ത്ഥനപ്രകാരം, ഫുല്‍ബാരി (ഇന്ത്യ) വഴി കകര്‍ബിട്ട (നേപ്പാള്‍) ബംഗ്ലബന്ധ (ബംഗ്ലാദേശ്) റൂട്ടിലൂടെയുള്ള ഗതാഗതത്തില്‍ നേപ്പാളി കാര്‍ഗോ വാഹനങ്ങള്‍ക്ക് പരമാവധി ആക്‌സില്‍ വെയ്റ്റ് പരിധി ബാധകമാക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റോഡ് ഗതാഗത ചട്ടങ്ങള്‍ അനുസരിച്ച്, ആക്സില്‍ ഭാരത്തിന്റെ പരിധി രണ്ട് ആക്സില്‍ വാഹനങ്ങള്‍ക്ക് 18.5 ടണ്ണും ത്രീ ആക്സില്‍ വാഹനങ്ങള്‍ക്ക് 28 ടണ്ണും ആയിരിക്കും.

കൂടാതെ, ജടാമാസി റൂട്ട് എക്‌സ്ട്രാക്റ്റ്, സുഗന്ധകോകില ബെറി എക്‌സ്ട്രാക്റ്റ്, തൈമൂര്‍ ബെറി എക്‌സ്ട്രാക്റ്റ് എന്നിവ സംസ്‌കരിച്ച സസ്യ ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നേപ്പാളിന്റെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിച്ചു.

വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു, നേപ്പാളി പക്ഷത്തെ വ്യവസായ, വാണിജ്യ, വിതരണ മന്ത്രാലയം സെക്രട്ടറി ഗോബിന്ദ ബഹാദൂര്‍ കര്‍ക്കിയാണ് നയിച്ചത്.

Tags:    

Similar News