ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ്

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റുരാജ്യങ്ങള്‍ കൂടുതല്‍ നികുതി ഈടാക്കുന്നു എന്നതാണ് ട്രംപ് പറയുന്ന ന്യായം
  • വര്‍ഷങ്ങള്‍കൊണ്ട് രൂപീകരിച്ച താരിഫ് നയങ്ങളാണ് ട്രംപിന്റെ നടപടിമൂലം താറുമാറാകുന്നത്
  • ഈ നടപടിയും കുടിയേറ്റക്കാരെ പുറത്താക്കുന്നതും യുഎസില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്

Update: 2025-02-23 09:29 GMT

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ തന്റെ ഭരണകൂടം ഉടന്‍ തന്നെ പരസ്പര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച യുഎസ് തലസ്ഥാനം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു.വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തും, കാരണം അതിനര്‍ത്ഥം, അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നു എന്നാണ്. ഇന്ത്യയോ ചൈനയോ അത് ആരായാലും നമ്മള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു'', ട്രംപ് പറഞ്ഞു.

നേരത്തെ, ഫോക്‌സ് ന്യൂസ് ട്രംപും ശതകോടീശ്വരന്‍ എലോണ്‍ മസ്‌കും സംയുക്തമായി നടത്തിയ ടെലിവിഷന്‍ അഭിമുഖം സംപ്രേഷണം ചെയ്തു. വാഷിംഗ്ടണിന്റെ പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് പ്രധാനമന്ത്രി മോദിയോട് വ്യക്തമാക്കിയതായും താരിഫ് ഘടനയെക്കുറിച്ച് ആര്‍ക്കും തന്നോട് തര്‍ക്കിക്കാന്‍ കഴിയില്ലെന്നും പ്രസിഡന്റ് ഊന്നിപ്പറഞ്ഞിരുന്നു.

അഭിമുഖത്തിനിടെ, യുഎസിനും ഇന്ത്യ ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്കും ഇടയില്‍ നിലവിലുള്ള താരിഫ് ഘടനകളെക്കുറിച്ചുള്ള തന്റെ നിലപാട് ട്രംപ് ആവര്‍ത്തിച്ചു. മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് വ്യാപാര പങ്കാളികള്‍ക്ക് യുഎസ് പരസ്പര താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ട്രംപിന്റെ നീക്കം ആഗോളതലത്തില്‍ പുതിയൊരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ടേക്കാം. പ്രത്യേകിച്ചും ചൈനയുടെ കാര്യത്തില്‍. കൂടാതെ താരിഫ് നയങ്ങള്‍ യുഎസില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും വിലയിരുത്തലുണ്ട്. 

Tags:    

Similar News