മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ കുതിപ്പ്

  • 90,000 കോടി രൂപ വിലമതിക്കുന്ന ഫോണുകള്‍ കയറ്റുമതി ചെയ്യാൻ പദ്ധതി
  • ആപ്പിള്‍ പോലുള്ള മറ്റു പ്രമുഖ കമ്പനികളും രാജ്യത്ത് യൂനിറ്റുകള്‍ തുടങ്ങാനുള്ള ശ്രമത്തിൽ
  • രാജ്യത്ത് 260 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകൾ
  • 2015ല്‍ ഇന്ത്യയുടെ മൊബൈല്‍ കയറ്റുമതി പൂജ്യമായിരുന്നു

Update: 2023-05-15 12:17 GMT

2014ല്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന 82 ശതമാനം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തതായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലൂടെ വന്‍തോതില്‍ വിദേശനാണ്യം നേടുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ച 90,000 കോടി രൂപ വിലമതിക്കുന്ന ഫോണുകള്‍ കയറ്റുമതി ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതി.

2014-15ല്‍ 18,900 കോടി രൂപയുടെ 5.8 കോടി യൂനിറ്റ് മൊബൈല്‍ ഫോണുകളായിരുന്നു ഇന്ത്യയില്‍ നിര്‍മിച്ചിരുന്നത്. ഇത് 2021-22 ആയപ്പോള്‍ 31 കോടി യൂനിറ്റായി വര്‍ധിച്ചു. 2,75,000 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത്.

കയറ്റുമതിയിലും കുതിച്ചുചാട്ടം

2022-23 സാമ്പത്തികവര്‍ഷം 82,000 കോടി രൂപയുടെ സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതില്‍ പകുതിയും ആപ്പിളിന്റെ മേക്കിങ് ഇന്ത്യ സ്മാര്‍ട്ട് ഫോണുകളായിരുന്നു. ശേഷിക്കുന്ന 50 ശതമാനത്തില്‍ 40 ശതമാനവും സാംസങ് ഫോണുകളും ബാക്കി 10 ശതമാനം മറ്റു സ്മാര്‍ട്ട് ഫോണുകളുമായിരുന്നുവെന്ന് ഏഷ്യന്‍ ലൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെയാണ് സാംസങ് ലോകത്തെ ഏറ്റവും വലിയ ഫോണ്‍ നിര്‍മാണ യൂനിറ്റ് ഇന്ത്യയില്‍ തുറന്നത്. ആപ്പിള്‍ പോലുള്ള മറ്റു പ്രമുഖ കമ്പനികളും രാജ്യത്ത് യൂനിറ്റുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. ഓപ്പോ, വിവോ, ഷവോമി, ലാവ എന്നിവയും ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ യൂനിറ്റ് തുടങ്ങാനുള്ള ശ്രമത്തിലാണ്.

മൊബൈല്‍ ഫോണ്‍ വ്യവസായം 4000 കോടി ഡോളറിനു മുകളിലെത്തുമെന്നും കയറ്റുമതി 25 ശതമാനമാകുമെന്നും ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ) ചെയര്‍മാന്‍ പങ്കജ് മഹിന്ദ്ര പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തോടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണം ഇരട്ടിയായിരിക്കുകയാണ്. യു.എ.ഇ, യു.എസ്, നെതര്‍ലന്‍ഡ്‌സ്, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യ മൊബൈല്‍ ഫോണ്‍ കയറ്റിയയക്കുന്നത്.

മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂനിറ്റുകള്‍

രാജ്യത്ത് 260 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂനിറ്റുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ രണ്ടെണ്ണം 2014 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നവയാണ്. മേക് ഇന്‍ ഇന്ത്യ ഏറ്റവും നന്നായി പ്രാവര്‍ത്തികമായത് ഈ മേഖലയിലാണ്. സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള പാര്‍ട്‌സുകളും കാമറ ലെന്‍സ് പോലുള്ള ഇന്‍പുട്ടുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് ഡ്യൂട്ടി പുതിയ ബജറ്റില്‍ ഒഴിവാക്കിയിട്ടുണ്ട്.

പി.എല്‍.ഐ സ്‌കീം

2015ല്‍ ഇന്ത്യയുടെ മൊബൈല്‍ കയറ്റുമതി പൂജ്യമായിരുന്നു. എന്നാലിത് 2019-20ല്‍ 27,000 കോടിയിലെത്തി. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീം വന്നതോടെയാണ് വന്‍ പുരോഗതി ഈ രംഗത്തുണ്ടായത്. തുടര്‍ന്ന് 2020 ഏപ്രിലില്‍ മൊബൈല്‍ നിര്‍മാണം 66% ഉയര്‍ന്ന് 45,000 കോടി രൂപയിലെത്തി. നിലവില്‍ രാജ്യത്ത് 260 മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂനിറ്റു ഇന്ത്യയാണ്.

2026 ആകുമ്പോഴേക്കും രാജ്യത്തെ ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനശേഷി 24 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും ഇതിലൂടെ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്ത് ആവശ്യമായ 99% മൊബൈല്‍ ഫോണും ഇന്ന് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നു. 10 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് ഫോണ്‍ രാജ്യത്ത് ഒരു ശതമാനം പേരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൈനയാണ് മൊബൈല്‍ നിര്‍മാണത്തില്‍ ലോകത്ത് ഒന്നാംസ്ഥാനത്ത്. അവര്‍ 11920 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം ഇതിലൂടെ നേടിയത്.

10 ലക്ഷം ജോലി

10 ലക്ഷം ആളുകളാണ് മൊബൈല്‍ ഫോണ്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഈവര്‍ഷം ഒന്നരലക്ഷം തൊഴിലവസരം കൂടി ഈ വ്യവസായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 30,000-40,000 ജോലികള്‍ നേരിട്ടുള്ളതും ബാക്കി പരോക്ഷമായുള്ളതും ആയിരിക്കും. ഫോക്‌സ്‌കോണ്‍, വിസ്റ്റ്‌റണ്‍, പെഗാട്രണ്‍, ടാറ്റഗ്രൂപ്പ്, സാല്‍കോംപ്, സാംസങ്, നോക്കിയ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ വയ്ക്കാനുള്ള ഒരുക്കത്തിലാണ്.

Tags:    

Similar News