30% റിബേറ്റോടെ ഓഗസ്റ്റ് 2 മുതല്‍ ഖാദി ഓണം മേള

  • ഖാദി വസ്ത്രങ്ങള്‍ ദുബായ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക്

Update: 2023-07-27 10:15 GMT

ഓണത്തോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന മേള അടുത്ത മാസം രണ്ട് മുതല്‍ 27 വരെ നടക്കും. മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. ഖാദി ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നുമണിക്ക് വ്യവസായ മന്ത്രി രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് നിര്‍വഹിക്കുമെന്ന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവന്‍ വീതവും നല്‍കും. ഇത്തവണ ഓണത്തിന് 'പാപ്പീലിയോ' എന്ന ബ്രാന്‍ഡ് നെയിമില്‍ ഉള്ള ഡിസൈനര്‍ വസ്ത്രങ്ങളാണ് മുഖ്യ ആകര്‍ഷണം.

കോട്ടണ്‍, സില്‍ക്ക്, ഖാദി പോളി വസ്ത്രം, വുളന്‍ ഖാദി തുടങ്ങിയ വിവിധ നൂലുകളില്‍ ചുരിദാര്‍ ടോപ്പുകള്‍, ഷര്‍ട്ടുകള്‍, കുഞ്ഞുടുപ്പുകള്‍, കുര്‍ത്തകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ 'കേരള സ്പൈസസ്' എന്ന പേരില്‍ ഖാദി ബോര്‍ഡ് പുറത്തിറക്കുന്ന സുഗന്ധവ്യഞ്ജന സാധനങ്ങളുടെ വിതരണം ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

പുതുതലമുറ ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കാനായി ഓഗസ്റ്റ് 22ന് എറണാകുളത്ത് ഫാഷന്‍ ഷോ സംഘടിപ്പിക്കും. ദുബായിലേക്കും ഇറ്റലിയിലേക്കും ഖാദി വസ്ത്രങ്ങള്‍ കയറ്റി അയക്കുന്നതിന്റെ പ്രാരംഭ ചര്‍ച്ച നടക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. ഇറ്റലിയുടെ പ്രതിനിധി ആലപ്പുഴ റെഡിമെയ്ഡ് യൂണിറ്റ് സന്ദര്‍ശിച്ചിരുന്നു. സ്ലൈവര്‍ ദൗര്‍ലഭ്യം ഒഴിവാക്കാന്‍ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ആധുനിക സ്ലൈവര്‍ പ്ലാന്‍ ഉടന്‍ ആരംഭിക്കും. ജയില്‍ അന്തേവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് നൂല്‍പ്പ് നെയ്ത്ത് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ജയില്‍ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടു.

ഖാദി ഷോറൂമുകള്‍ നവീകരിക്കുന്ന പ്രക്രിയയില്‍ ആദ്യപടിയായി തിരുവനന്തപുരം വഞ്ചിയൂരില്‍ ആരംഭിച്ച ഷോറൂമില്‍ ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ച് വസ്ത്രം തുന്നാനും ലോണ്‍ട്രി സൗകര്യം വേണ്ടവര്‍ക്ക് അതും ലഭ്യമാക്കുന്നു. എറണാകുളം, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആധുനിക ഷോറൂമുകള്‍ ഒരുങ്ങുകയാണ്. സഹകരണസംഘങ്ങളുമായി ചേര്‍ന്ന് ഖാദി കോര്‍ണര്‍ എന്ന പേരില്‍ വില്‍പന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യത്തെ ഷോറൂം ഓഗസ്റ്റ് എട്ടിന് ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് വഴി വായ്പയെടുത്ത സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഖാദി ഷോറൂം വഴി വില്‍പ്പന നടത്തുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. കൂടാതെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, ക്യാരിബാഗ്, തേന്‍, ചെറുതേന്‍, മരചക്കില്‍ ആട്ടിയ നല്ലെണ്ണ, ഓര്‍ഗാനിക് സോപ്പുകള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തും. ഇതിന്റെ ഭാഗമായി പാപ്പനംകോട് കൗണ്‍സില്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചുമായും(CIR) കോഴിക്കോട് മര്‍കസിലെ നോളജ് സിറ്റിയുമായും ഖാദിബോര്‍ഡ് ബുധനാഴ്ച ധാരണാപത്രം ഒപ്പിട്ടു.

പ്രകൃതിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സാങ്കേതിക പിന്തുണയാണ് സി.ഐ.ആര്‍ നല്‍കുക. നോളജ് സിറ്റിയില്‍ വനിതകള്‍ക്കായി വീവിങ് യൂണിറ്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. ഖാദി ബോര്‍ഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ ഖാദി ആണെന്നും ഇതിനെതിരെ 'കേരള ഖാദി' എന്ന ലോഗോ പുറത്തിറക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഖാദിബോര്‍ഡ് മെമ്പര്‍മാരായ കെ. എസ്. രമേശ് ബാബു, സാജന്‍ തോമസ്, സോണി കോമത്ത്(ഖാദി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്) സെക്രട്ടറി കെ. എ. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News